കോഴിക്കോട്: വന്‍കിട തോട്ടങ്ങളില്‍ നിന്നുളള സീനിയറേജ് തുക സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത് തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന്. സീനിയറേജ് തുക കുറയ്ക്കണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്തപ്പോള്‍ തുക പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹാരിസണിന്‍റെ 11 തോട്ടങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് മരങ്ങള്‍ മുറിക്കാനിരിക്കെയായിരുന്നു ഈ ആനുകൂല്യം. ഇതുവഴി കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടം കിട്ടിയതായാണ് കണക്ക്.
പൂ ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടി എന്ന് പറഞ്ഞതു പോലെയായി സീനിയറേജ് വിഷയത്തില്‍ ഹാരിസണ്‍ അടക്കമുളള കമ്പനികളുടെ അനുഭവം. റബ്ബര്‍ മേഖല പ്രതിസന്ധി കണക്കിലെടുത്ത് സീനിയറേജ് കുറയ്ക്കണമെന്നേ കമ്പനികള്‍ ആവശ്യപ്പെട്ടുളളൂ. തുക പൂര്‍ണമായും വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ഹാരിസണ്‍ അടക്കമുളള വന്‍കിട കമ്പനികളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു.
സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ എത്തിയിരുന്ന ഒരു സ്രോതസ് സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത് എന്തിന് ? റബ്ബര്‍ മേഖലയില്‍ പ്രതിസന്ധി നേരിടുന്നത് ചെറുകിട കര്‍ഷകരായിരിക്കെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഇത്ര വലിയ ഒരു ഇളവ് നല്‍കിയത് എന്തിന്? 2018 ജൂണ്‍ 27ന് റബ്ബര്‍ മരങ്ങളുടെ സീനിയറേജ് തുക ഒഴിവാക്കി വനം വകുപ്പിറക്കിയ ഉത്തരവില്‍ ഇങ്ങനെ പറയുന്നു. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കൃഷ്ൻണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശങ്ങളും ഇത് പരിശോധിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ തല സമിതിയുടെ ശുപാര്‍ശകളും അനുസരിച്ച് സീനിയറേജ് തുക 2500 രൂപയില്‍ നിന്ന് 1000 രൂപയായി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഈ ശുപാര്‍ശ വിശദമായി പരിശോധിച്ചു. റബ്ബറിന്‍റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ ഈടാക്കുന്ന സീനിയറേജ് തുക പൂര്‍ണമായി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ ഉത്തരവ് ചോദ്യം ചെയ്ത റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങള്‍ ഇങ്ങനെ. ഒന്ന്. സീനിയറേജ് തുക കുറയ്ക്കാന്‍ മാത്രമെ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുളളു, ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല. രണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സീനിയറേജ് ഇനത്തില്‍ കിട്ടുന്ന നൂറുകണക്കിന് കോടി രൂപ പൊതുഖജനാവിന് മുതല്‍ക്കൂട്ടാണ്. മൂന്ന് റബ്ബര്‍ ഷീറ്റിന്‍റെ വില മാത്രമേ കുറഞ്ഞിട്ടുളളൂ. റബ്ബര്‍ തടിയ്ക്ക് വില കുറഞ്ഞിട്ടില്ല. നാല് കേരളത്തിലെ പല വന്‍കിട തോട്ടങ്ങളും ബഹുരാഷ്ട്ര കമ്പനികളുടെ കൈവശമാണുളളത്. ഇത്തരം കമ്പനികള്‍ക്ക് സര്‍ക്കാരിനെ സഹായിക്കേണ്ട ചുമതല കൂടിയുണ്ട്. അന്നത്തെ നിയമ സെക്രട്ടറി അരവിന്ദ ബാബു സര്‍ക്കാരിന് നല്‍കിയ നിയമോപദേശം ഇങ്ങനെ. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന കമ്പനിയാണ് ഹാരിസണ്‍. ഈ സാഹചര്യത്തില്‍ ഭൂവുടമയെന്ന നിലയില്‍ സര്‍ക്കാരിന് കിട്ടിക്കൊണ്ടിരിക്കുന്ന സീനിയറേജ് ഒഴിവാക്കുന്നത് ഉചിതമല്ല. അതിനാല്‍ ഈ ഉത്തരവ് പിന്‍വലിക്കാന്‍ റവന്യൂ വകുപ്പിന് ശുപാര്‍ശ ചെയ്യാവുന്നതാണ്.
കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആയിരിക്കെയാണ് റവന്യൂ മന്ത്രിയായിരുന്ന ഈ ചന്ദ്രശേഖരന്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാൻ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നായിരുന്നു വിഷയം പുനപരിശോധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചത്.