ദില്ലി: ദക്ഷിണേഷ്യയാകെ ചർച്ചയായിരിക്കുകയാണ് പാകിസ്ഥാൻ സ്വദേശി സീമാ ഹൈദറിന്റെയും ഇന്ത്യക്കാരൻ സച്ചിന്റെയും പ്രണയം. നാടോടിക്കഥകളിൽ മാത്രം കേൾക്കുന്ന, അത്ഭുത പ്രണയ ബന്ധത്തോടുപമിക്കാവുന്നതാണ് ഇവരുടെ പ്രണയകഥയെന്നതാണ് കാരണം. മൊബൈൽ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെടുകയും വളരുകയും ചെയ്ത പ്രണയം സാക്ഷാത്കരിക്കാൻ ഭർത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് 1500ലേറെ കിലോമീറ്ററുകൾ വെല്ലുവിളികളെ അതിജീവിച്ചാണ് നാലുകുട്ടികളെയുമെടുത്ത് സീമ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയത്.
മെയ് മാസത്തിലാണ് സീമ ഹൈദർ ഇന്ത്യൻ കാമുകനായ 22കാരൻ സച്ചിനെ തേടി ഇന്ത്യയിലെത്തിയത്. ഒരുമാസത്തോളം ആരുമറിയാതെ താമസിച്ചെങ്കിലും പിന്നീട് സംഭവം പുറത്തറിഞ്ഞു. ദുബായ്, നേപ്പാൾ വഴിയായിരുന്നു യാത്ര. സച്ചിനൊപ്പം ജീവിച്ചാൽ മതിയെന്നും പാകിസ്ഥാനിലേക്കില്ലെന്നുമാണ് സീമയുടെ നിലപാട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയാണ് സീമയുടെ സ്വദേശം. ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നാണ് സീമ പറയുന്നത്.
എന്നാൽ, നിയമപരമായ തടസ്സങ്ങൾക്കൊപ്പം ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നമായി ഇവരുടെ പ്രണയം മാറിയേക്കാമെന്നും അഭിപ്രായമുയരുന്നു. സീമ ഹൈദറെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തുവന്നു. സീമാ ഹൈദർ പാക് ചാരയാണെന്ന് വരെ ആരോപണമുയരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം സീമ ഹൈദർ, സച്ചിൻ, സച്ചിന്റെ പിതാവ് നേത്രപാൽ സിങ് എന്നിവരെയും ചോദ്യം ചെയ്തു. 72 മണിക്കൂറിനുള്ളിൽ സീമയെയും കുട്ടികളെയും ഇന്ത്യയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം സമരവും നടത്തി.
പാകിസ്ഥാൻ സർക്കാറും സീമയുടെ ഒളിച്ചോട്ടത്തെ ഗൗരവമായാണ് സമീപിച്ചത്. സീമയുടെ ഇന്ത്യൻ യാത്രക്ക് പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോയെന്നും പാക് രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിച്ചു. എന്നാൽ ഒളിച്ചോട്ടത്തിന് പ്രചോദനം പ്രണയം മാത്രമാണെന്ന് പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾ സർക്കാരിനെ അറിയിച്ചുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സീമയെ തിരിച്ചയച്ചില്ലെങ്കിൽ മുംബൈ മോഡൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിലെ തീവ്രവിഭാഗം സംഘടനയും ഭീഷണി മുഴക്കി.