ദില്ലി: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞ് തട്ടിപ്പ്. ഇസഡ് പ്ലസ് സുരക്ഷയും ബുള്ളറ്റ് പ്രൂഫ് കാർ, പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം തുടങ്ങിയ വൻ സൗകര്യമാണ് തട്ടിപ്പുകാരന് ജമ്മു കശ്മീർ അധികൃതർ ഒരുക്കിയത്. ഗുജറാത്ത് സ്വദേശിയായ കിരൺ ഭായ് പട്ടേൽ എന്നയാളാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും അതിര്‍ത്തി പോസ്റ്റുകളുള്‍പ്പെടെ തന്ത്രപ്രധാന മേഖലകളിലടക്കം ഇയാൾ സന്ദർശിച്ചത് വിവാദമായിരിക്കുകയാണ്. ഇസെഡ് പ്ലസ് സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഇയാൾ അതിര്‍ത്തി പോസ്റ്റ് വരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്ട്രാറ്റജി, ക്യാംപെയ്ന് അഡീഷണല്‍ ഡയറക്ടര്‍ ആണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ അധികൃതരെ സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.
പത്തുദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം അറസ്റ്റ് വിവരങ്ങൾ പുറത്തായി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ട്വിറ്ററില്‍ ബ്ലൂ ടിക്ക് അക്കൗണ്ടിനുടമയായ പട്ടേലിലെ ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ്സിങ് വഗേല ഉള്‍പ്പെടെ ആയിരത്തിലധികം ഫോളോവേഴ്സുണ്ട്. കശ്മീർ സന്ദർശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഇയാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംശയം തോന്നിയത്. കശ്മീരിന്റെ വിനോദ സഞ്ചാര മേഖലയുടെ വികസന കാര്യമാണ് ഇയാൾ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. ഹെല്‍ത്ത് റിസോര്‍ട്ടുകളിലാണ് ഇയാൾ കൂടുതലും സന്ദര്‍ശനം നടത്തിയത്.