ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്കാരനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹർജിയിൽ മഹാത്മാഗാന്ധിയെപ്പോലും വെറുതെവിട്ടിട്ടില്ലെന്നും ഹർജിക്കാരൻ്റെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ്റെ (ഇന്ത്യ) കട്ടക്ക് ജില്ലാ സെക്രട്ടറിയാണ് പരാതിക്കാരനായ പിനാക് പാനി മൊഹന്തി.
ഹരജിക്കാരനായ പിനാക് പാനി മൊഹന്തി പൊതുതാൽപ്പര്യത്തിനും ജനങ്ങളുടെ മനുഷ്യാവകാശത്തിനും വേണ്ടി എന്താണ് ചെയ്തതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആരാണ് നിങ്ങളുടെ പിന്നിൽ. പൊതുതാൽപ്പര്യത്തിനായി നിങ്ങൾ എന്താണ് ചെയ്തതെന്ന് ബെഞ്ച് ചോദിച്ചു.
ജനങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങളുടെ സത്യസന്ധത ഞങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. സമൂഹത്തിന് വേണ്ടിയും മനുഷ്യാവകാശ മേഖലയിലും പരാതിക്കാരൻ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിവരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാല് ആഴ്ചകൾക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.