മുംബൈ: മുംബൈയിൽ ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴി പുറത്ത്. ”താൻ വർഷങ്ങളായി എച്ച്ഐവി ബാധിനതാണ്. മുമ്പ് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ രക്തം കയറ്റിയതിനെ തുടർന്നാണ് എയ്ഡ്സ് ബാധിതനായത്. സരസ്വതി മകളെപ്പോലെയായിരുന്നു. അവളെ കൊന്നിട്ടില്ല. അവൾക്ക് തന്നോട് പൊസെസീവ്നെസ് ആയിരുന്നു. എന്നെ സംശയമായിരുന്നു. ജോലി കഴിഞ്ഞ് വൈകിയെത്തുന്നത് പോലും സംശയിച്ചു. താൻ വീട്ടിലെത്തുമ്പോൾ സരസ്വതി അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്ന് സംശയിച്ചു. വായിൽ കൃത്രിമശ്വാസം നൽകിയെങ്കിലും രക്ഷപ്പെട്ടില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതി കൊണ്ടാണ് മൃതദേഹം നശിപ്പിക്കാൻ തീരുമാനിച്ചത്. മൃതദേഹം കഷ്ണങ്ങളായി മുറിച്ചു. ശേഷം എല്ലിൽ നിന്ന് മാംസം വേർപ്പെടുത്താൻ കുക്കറിലിട്ട് തിളപ്പിച്ചു. സരസ്വതി പത്താം ക്ലാസ് തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. കണക്ക് പഠിപ്പിച്ചിരുന്നത് താനാണ്”- ഇയാൾ പൊലീസിന് മൊഴി നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇയാളുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ദില്ലി ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായിട്ടാണ് കൊലപാതക രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മീരാ റോഡിൽ താമസ സ്ഥലത്ത് സരസ്വതി വൈദ്യയെന്ന 35കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലിവിൻ പാർട്ണറായിരുന്ന മനോജ് സാനേ അറസ്റ്റിലായിരുന്നു. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്മെന്റിലാണ് 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.