മുംബൈ: ഷാരൂഖ് ഖാന്റെ മകനെതിരായ ലഹരിമരുന്ന് കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്കെതിരെ അഴിമതി കേസുമായി സിബിഐ. ആര്യന് ഖാനെ കേസില്‍ നിന്ന് ഒഴിവാക്കാനായി സമീര്‍ വാങ്കഡേ അടക്കമുള്ള ഉദ്യോഗസ്ഥര്‍ 25 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സിബിഐ കേസ്. സമീര്‍ വാങ്കഡേ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ദില്ല, മുംബൈ, റാഞ്ചി, ലക്നൌ, ഗുവാഹത്തി, ചെന്നൈ അടക്കമുള്ള 30 ഓളം ഇടങ്ങളില്‍ റെയ്ഡും നടക്കുകയാണ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുരിച്ചാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വെള്ളിയാഴ്ച വിശദമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ സമീര്‍ വാങ്കഡേ അഴിമതിയിലൂടെ പണം സമാഹരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2021 ഒക്ടോബറിലായിരുന്നു മുംബൈയിലെ ആഡംബര കപ്പലായ കോർഡേലിയ ഇംപ്രസയില്‍ സമീര്‍ വാങ്കഡേ നേതൃത്വം നല്കുന്ന സംഘം റെയ്ഡ് നടത്തിയതും ആര്യന് ഖാന് അടക്കമുള്ളവര്‍ അറസ്റ്റിലായതും. കേസിന്റെ ആരംഭത്തില്‍ മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും കടത്തിയതും അടക്കമുള്ള ആരോപണങ്ങളായിരുന്നു ആര്യന് ഖാനെതിരെ ചുമത്തിയിരുന്നത്. ഈ കേസില്‍ 22 ദിവസം ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന് ഖാന് എന്‍സിബി 2022 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് നല്കി വെറുതെ വിടുകയായിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സമീര്‍ വാങ്കഡേയ്ക്കും എന്‍സിബി സംഘത്തിനുമെതിരായ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രത്യേക വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. ആരോപണങ്ങളില്‍ കുടുങ്ങിയതിന് പിന്നാലെ സമീര്‍ വാങ്കഡേയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പെയർ സർവീസസിലേക്കാണ് സമീറിനെ മാറ്റിയത്. അഴിമതി തടയല്‍ നിയമത്തിലെ 7, 7 എ, 12വകുപ്പുകളും ഗൂഡാലോചന, ഭീഷണിപ്പെടുത്തല്‍ വകുപ്പുകളും അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.