കോട്ടയം : ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്കാര സമർപ്പണവും ഒക്ടോബർ 12 ന് വൈകിട്ട് 3 മണിക്ക് കോട്ടയം ടാബർനാക്കിൾ ഐപിസി ഹാളിൽ നടക്കും.
അസോസിയേഷൻ അംഗം പാസ്റ്റർ പി. ജി മാത്യൂസിൻ്റെ അധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി തോമസ് ഉദ്ഘാടനം ചെയ്യും. സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ പുരസ്കാരങ്ങൾ സമർപ്പിക്കും.
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ്റ് രാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും. ജോൺസൺ മേലേടം (ഡാളസ്സ്), ഷിബു മുള്ളങ്കാട്ടിൽ (ദുബായ്) എന്നിവർ പ്രസംഗിച്ചു.
പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ് മത്തായി സി പി ഇ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി എം മാത്യു ഏറ്റുവാങ്ങും. സാഹിത്യ മത്സരത്തിലെ ജേതാക്കളായ സാം ടി സാമുവേൽ അറ്റ്ലാന്റ (ലേഖനം), പാസ്റ്റർ കെ ജെ ജോബ് (ഫീച്ചർ) എന്നിവർക്ക് അവാർഡുകൾ നൽകും.
വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.