ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ചതിന്റെ പേരില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖി നേരിടുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി പ്രതികരിച്ചു. സബ്രിനക്കെതിരെ സംഘ് അനുകൂല പ്രൊഫൈലുകള്‍ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് കിര്‍ബിയുടെ പ്രതികരണം.
ഇത് അസ്വീകാര്യമാണ്. ഏത് സാഹചര്യത്തിലായാലും എവിടെയായാലും മാദ്ധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായും അപലപിക്കുന്നു. അത് ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജോണ്‍ കിര്‍ബി പ്രതികരിച്ചു.
കിര്‍ബിയുടെ പ്രതികരണത്തിനു പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയും സബ്രിനക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ചു. വൈറ്റ് ഹൗസ് മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് കഴിഞ്ഞ ആഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്. മാദ്ധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ ഉള്ള എല്ലാ നീക്കങ്ങളെയും അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. മുസ്ലിം വിശ്വാസത്തിന്റെ പേരില്‍ സബ്രിനക്കെതിരെ ഇന്ത്യയില്‍ നിന്നും തീവ്ര ഓണ്‍ലൈന്‍ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘ് അനുകൂലികളെ പ്രകോപിപ്പിച്ച സബ്രിനയുടെ ചോദ്യം ഇതായിരുന്നു ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരുപാട് ലോകനേതാക്കള്‍ വ്യക്തമാക്കിയ വൈറ്റ്ഹൗസിലാണ് താങ്കളിപ്പോള്‍ നില്‍ക്കുന്നത്. മുസ്ലിംകള് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും ആവിഷ്ക്കാര സ്വാതന്ത്ര്യം നിലനിര്‍ത്താനും എന്തുനടപടികള്‍ കൈക്കൊള്ളാനാണ് താങ്കളും സര്‍ക്കാരും താത്പര്യപ്പെടുന്നത്? ചോദ്യത്തിന് ജനാധിപത്യത്തില്‍ വിവേചനമില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.
ഭരണഘടനയുടെ മൗലികതത്വങ്ങള്‍ ആധാരമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ജാതിയുടെയും വര്‍ഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇടമില്ല. അതുകൊണ്ടാണ് സബ് കാ സാത്ത്, സബ് കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണം എല്ലാവര്ക്കും ലഭ്യമാണ്. ജനാധിപത്യത്തില്‍ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍ക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മള് ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ലെന്നായിരുന്നു മോദിയുടെ മറുപടി.
സബ്രിനയുടെ ചോദ്യത്തിന് പിന്നില്‍ പാക് അജണ്ടയാണെന്നും ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഭാഗമാണ് സബ്രിനയെന്നും സംഘ് പ്രൊഫൈലുകള്‍ ആരോപിക്കുകയുണ്ടായി.