കാൻബെറ: രാജ്യത്തെ പാര്‍ലമെന്റിന് സമീപം പുതിയ എംബസി സ്ഥാപിക്കാനുള്ള റഷ്യയുടെ നീക്കം തടഞ്ഞ് ഓസ്ട്രേലിയ. ചാരവൃത്തി സംശയിച്ചാണ് നീക്കം.
ഇന്റലിജൻസ് ഏജൻസികള്‍ വ്യക്തമായ സുരക്ഷാ നിര്‍ദ്ദേശം നല്‍കിയെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. കാൻബെറയില്‍ പാര്‍ലമെന്റ് പരിസരത്ത് നിന്ന് 400 മീറ്റര്‍ അകലെയാണ് എംബസി നിര്‍മ്മാണത്തിനായി റഷ്യ പാട്ടത്തിനെടുത്ത ഭൂമി. ഇവിടെ പുതിയ എംബസി കെട്ടിടത്തിന് അടിത്തറ പാകിയെങ്കിലും നിര്‍മ്മാണം മന്ദഗതിയിലാണ്. നിര്‍മ്മാണം തടയാനുള്ള നിയമം ഇന്നലെ പാര്‍ലമെന്റ് പാസാക്കി. പകരം എംബസിക്ക് സാമ്ബത്തിക നഷ്ടപരിഹാരം നല്‍കും. അതേ സമയം,റഷ്യയുടെ നിലവിലെ എംബസിയെ നിയമം ബാധിക്കില്ല. ഓസ്ട്രേലിയയുടെ നടപടി റഷ്യാ വിരുദ്ധമാണെന്നും തിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പ്രതികരിച്ചു.