കാൻബറ: ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള സമീപകാല പ്രതിരോധ കരാർ ലോകത്തിന് ആശങ്കയേറ്റുന്നതാണെന്ന് ഓസ്ട്രേലിയൻ വിദേശ കാര്യമന്ത്രി പെന്നി വോങ്. കരാർ ലോകത്തെ അസ്ഥിരപ്പെടുത്തുന്നതാണെന്നും സമാധാനത്തിന് യോജിച്ചതല്ലാത്ത രീതിയിലാണ് റഷ്യ പെരുമാറുന്നതെന്നും പെന്നി വോങ് പറഞ്ഞു. കൊറിയൻ അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ സന്ദർശനം നടത്തവേയാണ് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
ജൂണിലാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ചേർന്ന് സുരക്ഷാ പ്രശ്നങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കാളിത്ത കരാർ ഒപ്പിട്ടത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പര സൈനിക സഹായം വ്യവസ്ഥ ചെയ്യുന്ന കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ വാങ് അപലപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നോർത്ത് കൊറിയയുടെ സൈനിക നീക്കങ്ങൾ ലോകത്തിന് സമ്മർദം നൽകുന്നതാണെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം പെന്നി വോങ് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രിയുമായി തലസ്ഥാനമായ സോളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ ഉത്തരകൊറിയ സൈനിക പങ്കാളിത്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിരോധ മേഖലയിൽ ആശയവിനിമയവും സഹകരണവും വർധിപ്പിക്കാനും തീരുമാനിച്ചു.
അടുത്തിടെ, ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായിരുന്നു. മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം നിറച്ച 2,000ത്തിലേറെ ബലൂണുകളാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്കു പറത്തിവിട്ടത്. ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിലെ പ്രസിഡൻഷ്യൽ കോമ്പൗണ്ടിൽ വരെ ബലൂണുകൾ പതിച്ചു. അതേ സമയം, ഉത്തര കൊറിയയ്ക്കുള്ള മറുപടിയായി ദക്ഷിണ കൊറിയ അതിർത്തിയിൽ ഉച്ചഭാഷിണികളിലൂടെ ആശയ പ്രചാരണം നടത്തുന്നുണ്ട്. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികൾക്കെതിരെയുള്ള സന്ദേശങ്ങളും കെ – പോപ്പ് ഗാനങ്ങളുമാണ് ഉച്ചഭാഷിണികൾ വഴി സംപ്രേക്ഷണം ചെയ്യുന്നത്.