ഈജിപ്റ്റില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ കടുപ്പിച്ച് റഷ്യ. ഈജിപ്റ്റില്‍ അജ്ഞാത രോഗം പടരുന്നെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് റഷ്യയുടെ നീക്കം.
കേന ഗവര്‍ണറേറ്റിലെ അല്‍ – അലെക്കത്ത് ഗ്രാമത്തില്‍ 250 ഓളം പേര്‍ക്കാണ് രോഗംബാധിച്ചതെന്ന് ഈജിപ്ഷ്യൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് അജ്ഞാത രോഗം സംബന്ധിച്ച വിവരം പുറത്തെത്തിയത്. പനി. തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെടുന്നതായി കണ്ടെത്തി. ലക്ഷണങ്ങളുടെ തീവ്രത പൊതുവേ മിതമായതിനാല്‍ ആര്‍ക്കും ഗുരുതരമായ ആശുപത്രിവാസം വേണ്ടിവന്നിട്ടില്ല.
അഞ്ച് ദിവസങ്ങളോളം നീളുന്ന രോഗലക്ഷണങ്ങള്‍ ചിലരില്‍ അസ്ഥികളിലെ വേദനയ്ക്കും ഇടയാക്കുന്നു. നിലവില്‍ ഏത് രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. രോഗം തിരിച്ചറിയാൻ ലക്ഷണങ്ങള്‍ പ്രകടമാക്കിയവരില്‍ നിന്നും അവര്‍ താമസിക്കുന്ന ചുറ്റുപാടുകളില്‍ നിന്നും സാമ്ബിള്‍ ശേഖരിച്ചതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേ സമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇൻഫ്ലുവെൻസ, ഗ്യാസ്ട്രോഎൻറ്റെറിറ്റിസ്, പനി തുടങ്ങി ചൂട് കാലത്ത് വ്യാപകമായി പടരുന്ന രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങളുണ്ടെന്നും അധികൃതര്‍ പറയുന്നു.