മോസ്കോ : അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യൻ ഭരണകൂടം.അമേരിക്കൻ ടെക് കമ്ബനികളില്‍ നിന്നുള്ള സുരക്ഷാ ഭീഷണി ഭയന്നാണ് നീക്കം.ജോലി ആവശ്യങ്ങള്‍ക്ക് ഐഫോണും ഐപാഡും മറ്റും ഉപയോഗിക്കാൻ പാടില്ല. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കില്ല. റഷ്യൻ ഡിജിറ്റല്‍ ഡെവലപ്മെന്റ് മന്ത്രാലയം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രതിരോധ കമ്ബനിയായ റോസ്റ്റെക് എന്നിവ നേരത്തെ തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താൻ അമേരിക്ക ശ്രമിച്ചേക്കുമെന്ന് റഷ്യൻ സുരക്ഷാ ഏജൻസികള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ശാസ്ത്രം, ധനകാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 2025ഓടെ തദ്ദേശീയമായി വികസിപ്പിച്ച സോഫ്റ്റ്വെയറിലേക്ക് മാറണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.