യുദ്ധ കുറ്റങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം.
കോടതിയുടേത് അതിരുകടന്ന നടപടിയെന്നാണ് റഷ്യയുടെ പ്രതികരണം. അംഗരാജ്യങ്ങൾക്കെതിരെ മാത്രമേ കോടതിക്ക് നടപടിയെടുക്കാനാകുവെന്നും റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമല്ലെന്നും റഷ്യ വ്യക്തമാക്കി. നടപടിയെ യുക്രൈൻ പ്രസിഡന്റ് വ്ലാദമിർ സലൻസ്കി സ്വാഗതം ചെയ്തു. റഷ്യ എതിർക്കുന്പോഴും അറസ്റ്റ് വാറണ്ട് പരസ്യമാക്കിയത് പുടിന്റെ അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സമായേക്കും.
യുക്രൈന്‍റെ മേൽ ആണവായുധം പ്രയോഗിക്കുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, യാഥാർത്ഥ്യമാണെന്ന് റഷ്യയിലെ പ്രതിപക്ഷനിരയിലുള്ള രാഷ്ട്രീയ നേതാവ് ഗ്രിഗറി യവിലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവായുധ ആക്രമണം നടത്തുമെന്നുള്ള പുടിന്റെ ഭീഷണി വെറും വാക്കുകളല്ല. ക്രൈമിയ തിരിച്ചുപിടിക്കാൻ യുക്രൈന്‍ ശ്രമിച്ചാൽ അത്തരത്തിലൊരു ആക്രണം ഉണ്ടാകാൻ സാധ്യതയുണ്ട്. പുടിന്റെ ഭീഷണി വെറും വാക്കുകളല്ല, അത് കൃത്യമാണ്. അത്തരത്തിലൊരു ആക്രമണം വളരെ ഗൗരവകരമായ വിഷയമാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വെറുതെയല്ല, ഗൗരവതരമായാണ് കണക്കിലെടുക്കേണ്ടതെന്നും ഗ്രിഗറി പറഞ്ഞിരുന്നു.
യുക്രൈന് അമേരിക്ക പിന്തുണ നൽകുന്ന സാഹചര്യത്തിൽ ഏതു സമയത്തും ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. നാറ്റോക്ക് കീഴിലുള്ള രാജ്യങ്ങളെല്ലാം നമ്മുടെ ജനതയെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമുക്കെങ്ങനെ ആണവായുധം പ്രയോഗിക്കാതിരിക്കാൻ കഴിയുമെന്നായിരുന്നു പുടിന്റെ പരാമർശം. കോടിക്കണക്കിന് ഡോളറുകളുടെ ആയുധങ്ങളാണ് യുക്രൈന് അവർ വിതരണം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞിരുന്നു. റഷ്യയെ തകർക്കലാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞ പുടിൻ യുക്രൈന് മേൽ ആണവായുധം പ്രയോഗിക്കാനും തയ്യാറാണെന്നും ആവർത്തിച്ചിരുന്നു.