വാഷിംഗ്ടണ്‍: ഡിസംബര്‍ മാസം പടിവാതിലിലെത്തി. ഇനി ക്രിസ്മസ് രാവുകളുടെ കാലമാണ്. അലങ്കാര ദീപങ്ങളും വിവിധ നിറത്തിലെ ഉരുണ്ട ബോളുകളുമൊക്കെ കൊണ്ട് അലങ്കരിച്ച് തലയെടുപ്പോടെ നില്ക്കുന്ന ക്രിസ്മസ് ട്രീകള്‍ ലോകമെമ്ബാടും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
ക്രിസ്മസ് ട്രീകളുടെ കൂട്ടത്തിലെ രാജാവാണ് യു.എസിലെ റോക്ക്ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീ.
ന്യൂയോര്‍ക്ക് സിറ്റിയിലെ മിഡില്‍ടൗണ്‍ മാൻഹട്ടണിലെ റോക്ക് ഫെല്ലര്‍ സെന്ററിലെ പ്രശസ്തമായ റോക്ക്ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീ നാളെ മിഴിതുറക്കും. പ്രതിവര്‍ഷം ഏകദേശം 125 മില്യണ്‍ ജനങ്ങള്‍ ഇവിടം കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. നാളെ പ്രാദേശിക സമയം വൈകിട്ട് 8 മണിക്കാണ് ട്രീയില്‍ ലൈറ്റ് തെളിയിക്കുന്ന ചടങ്ങ്. തുടര്‍ന്ന് പ്രമുഖര്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
1933 മുതല്‍ റോക്ക്ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ്. നോര്‍വീജിയൻ പൈൻ മരമാണ് ഇവിടെ ക്രിസ്മസ് ട്രീയ്ക്കായി തിരഞ്ഞെടുക്കുന്നത്. സാധാരണയായി 69 മുതല്‍ 100 അടി വരെ ഉയരവും ഇവയ്ക്കുണ്ടാകും. വ്യാഴാഴ്ച മുതല്‍ ജനുവരി 13 വരെ റോക്ക്ഫെല്ലര്‍ ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരങ്ങള്‍ കാണാം.
80 അടി ഉയരവും 43 അടി വീതിയുമുള്ള ഈ വര്‍ഷത്തെ ട്രീയില്‍ വിവിധ നിറത്തിലെ 50,000 എല്‍.ഇ.ഡി ലൈറ്റുകളും സ്വറോവ്സ്കി ക്രിസ്റ്റല്‍ സ്റ്റാറുകളുമുണ്ട്. ട്രീയുടെ മുകളില്‍ 9 അടി നീളവും 900 പൗണ്ട് ഭാരവുമുള്ള കൂറ്റൻ സ്വറോവ്സ്കി സ്റ്റാറുണ്ട്. 12 ടണ്‍ ഭാരമുള്ള ട്രീ ന്യൂയോര്‍ക്കിലെ വെസ്റ്റല്‍ പട്ടണത്തില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്.