യൂട്യൂബിൽ പ്രാങ്ക് വീഡിയോകൾക്ക് ഏറെ കാഴ്ചക്കാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിൽ യൂട്യൂബർമാരും ഏറെ താല്പര്യം കാണിക്കാറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും തമാശയ്ക്കായി ചിത്രീകരിക്കുന്ന ഇത്തരം വീഡിയോകൾ വലിയ ദുരന്തങ്ങളായും പര്യവസാനിക്കാറുണ്ട്. അത്തരത്തിൽ ഒരു എട്ടിൻറെ പണിയാണ് കഴിഞ്ഞദിവസം ഒരു എടിഎം കവർച്ച പ്രാങ്ക് ചിത്രീകരിച്ച ഒരുകൂട്ടം യൂട്യൂബർമാർക്ക് കിട്ടിയത്.
യൂട്യൂബർമാരായ ഡാനിയൽ മാറൻ, റോബർട്ട് മിലാസ്സോ, ജോർജ്ജ് പ്രോസ്റ്റോസ് എന്നിവർ ചേർന്നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. എന്നാൽ, സംഭവം പ്രാങ്കാണ് എന്നറിയാതെ നാട്ടുകാർ ചേർന്ന് ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഒരു യൂട്യൂബറുടെ മൂക്കിൻറെ പാലം തകർന്നു. സംഭവത്തിന്റെ വീഡിയോ യൂട്യൂബർമാർ തങ്ങളുടെ ചാനലുകളിൽ അപ്ലോഡ് ചെയ്തെങ്കിലും വലിയ വിമർശനമാണ് കാഴ്ചക്കാരുടെ ഭാഗത്തുനിന്നും ഇവർക്ക് ലഭിച്ചത്.ഒരു എടിഎം കൗണ്ടറിനുള്ളിൽ നിന്നും ഒരാൾ പണം പിൻവലിച്ചു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് യൂട്യൂബർമാരിൽ ഒരാൾ മുഖംമൂടി ധരിച്ച് കള്ളനെ പോലെ എത്തി അയാളിൽ നിന്നും പണം അപഹരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇത് കണ്ടുകൊണ്ട് പുറത്തുനിന്ന ആളുകൾ പ്രാങ്കാണെന്ന് തിരിച്ചറിയാതെ കള്ളനെ കീഴ്പ്പെടുത്താൻ വരികയായിരുന്നു. ആളുകളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ യൂട്യൂബർക്ക് തങ്ങൾ ചെയ്യുന്നത് പ്രാങ്ക് ആണെന്ന് വെളിപ്പെടുത്താനുള്ള സമയം കിട്ടിയില്ല.
അതിനുള്ളിൽ തന്നെ നാട്ടുകാർ അയാളുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തു. ജോർജ്ജ് പ്രോസ്റ്റോസ് എന്ന യൂട്യൂബർ ആയിരുന്നു കള്ളനായി വേഷമിട്ടിരുന്നത്. സംഭവം കൈവിട്ടു പോയതിനുശേഷം മാത്രമാണ് യൂട്യൂബർമാർക്ക് തങ്ങൾ ചെയ്യുന്നത് വെറും പ്രാങ്കാണ് എന്ന് ആളുകളോട് വെളിപ്പെടുത്താൻ ആയത്. സംഭവത്തിന്റെ വീഡിയോ ഇവർ യൂട്യൂബിൽ ഇട്ടെങ്കിലും വലിയ വിമർശനമാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്.
എന്നാൽ, തങ്ങൾ നടത്തിയത് ഒരു സാമൂഹിക പരീക്ഷണം ആണെന്നായിരുന്നു യൂട്യൂബർമാരുടെ അവകാശവാദം. ഒരു അപരിചിതൻ അപകടത്തിൽ പെട്ടാൽ ചുറ്റുമുള്ളവർ സഹായിക്കുമോ എന്ന് അറിയുന്നതിന് വേണ്ടിയാണ് തങ്ങൾ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത് എന്നാണ് യൂട്യൂബർമാരിൽ ഒരാളായ ഡാനിയൽ മാറൻ സംഭവം വിവാദമായതോടെ ഡെയിലി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പക്ഷേ, അത് ഇത്തരത്തിൽ ഒരു ദുരന്തമായി മാറുമെന്ന് തങ്ങളും കരുതിയിരുന്നില്ലെന്ന് ഡാനിയൽ പറഞ്ഞു.