റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : നാട്യങ്ങളറിയാത്ത നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. കർമ്മ വിശുദ്ധിയും സമർപ്പണവും വഴി പൊതുപ്രവർത്തന രംഗത്ത്
സർവ്വർക്കും മാതൃകയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. സദാ പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങൾക്ക് മുമ്പിലെത്തുന്ന അദ്ദേഹം മലയാളികൾ ഹൃദയത്തോട് ചേർത്ത അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും മറ്റൊരാൾക്കും അവകാശപ്പെടാനാവില്ല. ആരോപണങ്ങളെ പുഞ്ചിരിയോടെ നേരിട്ട അദ്ദേഹം തന്നെ ഉപദ്രവിച്ചവരെ പോലും ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗം ജനാതിപത്യ കേരളത്തിന് തീരാ നഷ്ടമാണെന്നും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
റിയാദ് സന്ദർശന സമയത്ത് ബത്ഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയും പ്രവർത്തകരുമായി സംവദിക്കുകയും ചെയ്തത് യോഗം അനുസ്മരിച്ചു.
പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അബ്ദുസലാം തൃക്കരിപ്പൂർ, യു.പി മുസ്തഫ, അബ്ദുൽ മജീദ് പയ്യന്നൂർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക്, നൗഷാദ് ചാക്കീരി, അക്ബർ വേങ്ങാട്ട്, അബ്ദുൽ മജീദ് മലപ്പുറം, സഫീർ തിരൂർ, ബാവ താനൂർ, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂർ എന്നിവർ സംസാരിച്ചു.