നിര്‍മിത ബുദ്ധി അഥവാ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംബന്ധിച്ച ലോകത്തിലെ ആദ്യ ഉച്ചകോടി ഈ വര്‍ഷം ബ്രിട്ടനില്‍ നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ശേഷമാണ് പ്രഖ്യാപനം.
നമ്മുടെ ജീവിതത്തെ മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ എ.ഐക്ക് അവിശ്വസനീയമായ കഴിവുണ്ട്. എന്നാല്‍ അത് സുരക്ഷിതമായ രീതിയില്‍ വികസിപ്പിച്ചെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാലാകാലങ്ങളില്‍ നാം വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ കണ്ടുപിടിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കായി അവ വിനിയോഗിച്ചു. അതാണ് വീണ്ടും ചെയ്യേണ്ടത് – സുനക് കൂട്ടിച്ചേര്‍ത്തു.
എ.ഐയുടെ അപകടസാധ്യത ലഘൂകരിക്കുന്നതില്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം വാഷിങ്ടണിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ജപ്പാനില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ എ.ഐയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു.
ഭാവിയില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള എ.ഐ റെഗുലേറ്ററിനായി സുനക് ശ്രമം നടത്തിവരികയാണ്.വൈറ്റ് ഹൗസില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഉക്രൈനില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായ കഖോവ്ക അണക്കെട്ട് തകര്‍ത്തത് സംബന്ധിച്ച് റഷ്യയും ഉക്രൈനും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.