വാഷിംഗ്ടണ്‍: അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ അരി വാങ്ങിക്കൂട്ടാൻ വൻതിരക്ക്.
ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ 20 മുതല്‍ നിരോധിച്ചത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസിലെ ഇന്ത്യൻ വംശജരുള്പ്പെടെയുള്ളവര് സൂപ്പര്‍മാര്‍ക്കറ്റില്‍ അരിവാങ്ങാൻ തിരക്കുകൂട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ ലഭ്യതകുറയുമെന്നും വിലക്കയറ്റമുണ്ടാകുമെന്നും ഭയന്നാണ് അരി വാങ്ങിക്കൂട്ടുന്നത്.
യു.എസില്‍ ഇന്ത്യൻ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് കൂടുതല്‍ തിരക്ക്. പല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു മുൻപിലും വലിയ നിരയാണ്. ടെക്സസ്, മിഷിഗൻ, ന്യൂജഴ്സി എന്നിവിടങ്ങളാണ് കൂടുതല്‍ വില്പന നടന്നത്. ഇതോടെ ഒരാള്‍ക്ക് ഒരു ചാക്ക് അരി എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി. 9 കിലോ വരുന്ന ഒരു ചാക്ക് അരിക്ക് 27 ഡോളറാണ് വില.