തിരുവനന്തപുരം: 45 ഇനം ഉത്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച് യുഎഇ സര്‍ക്കാര്‍. ഇ-സിഗരറ്റ്, മന്ത്രവാദ സാമഗ്രികള്‍,ലഹരിമരുന്ന്, വ്യാജ കറൻസി, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളും കലാസൃഷ്ടികളും, ചൂതാട്ട ഉപകരണങ്ങള്‍,ചുവന്ന ലേസര്‍ പെൻ, അപകടകരമായ മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പടെ 45 ഇനം ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയുമാണ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.
നിയമം ലംഘിച്ച് ഇത്തരം ഉത്പന്നങ്ങള്‍ യുഎഇയിലേക്കു കൊണ്ടുപോവുകയോ യുഎഇയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷയുണ്ടാകും. അതുകൊണ്ടുതന്നെ യുഎഇയിലേക്കു വരുന്നവര്‍ നിരോധിത, നിയന്ത്രിത ഉല്പന്നങ്ങള് അവരുടെ ലഗേജില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് യാത്രക്കാരന്റെയും ഇറക്കുമതിക്കാരന്റെയും ഉത്തരവാദിത്വമാണെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ ജീവനുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റു സ്ഫോടക വസ്തുക്കള്‍ തുടങ്ങിയ നിയന്ത്രിത ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനു മുൻകൂര്‍ അനുമതി തേടേണ്ടത് നിര്‍ബന്ധമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.