ചെന്നൈ: മോചനത്തിന് കേന്ദ്രം തടസ്സം നിൽക്കരുതെന്ന് ഡിഎംകെ സഖ്യകക്ഷിയായ വിസികെയുടെ അധ്യക്ഷൻ തിരുമാവളവൻ എംപി പറഞ്ഞു. അതേസമയം നിലവിൽ ക്യാംപിലുള്ള മൂന്ന് പേർക്കും ലങ്കയിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്നാണ് വിവരം. 2022 നവംബറിൽ വെല്ലൂർ ജയിലിൽ നിന്ന് മോചിതരായ പ്രതികളിൽ നാലു പേരാണ് ശ്രീലങ്കൻ സ്വദേശികൾ.
ശ്രീലങ്കൻ സർക്കാരിന്റെ യാത്രാരേഖകൾ ഇല്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക അഭയാർത്ഥി ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിൽ ആദ്യം ഇന്ത്യ വിടുമെന്ന് കരുതപ്പെട്ട ശാന്തനാണ് ഇന്നലെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ മരിച്ചത്. ഇനി മോചനം കാത്തിരിക്കുന്നത് റോബർട്ട് പയസ് , ജയകുമാർ, നളിനിയുടെ ഭർത്താവ് മുരുകൻ എന്നിവരാണ്.
ലണ്ടനിൽ ഡോക്ടറായ മകൾക്കൊപ്പം താമസിക്കാനായി ഇന്ത്യ വിടാൻ അനുവദിക്കണമെന്ന മുരുകന്റെ അപേക്ഷ കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. വേണമെങ്കിൽ ശ്രീലങ്കയിലേക്ക് നാടുകടത്താമെന്നാണ് നിലപാട്. അവർ ഇപ്പോൾ കുറ്റവാളികളല്ല, മോചിതരാക്കപ്പെട്ടവരാണ്. വിട്ടയക്കുകയാണ് സ്വാഭാവിക നീതിയെന്നും കേന്ദ്രം അവരെ മോചിപ്പിക്കാൻ ഉത്തരവിടണമെന്നുമാണ് വിസികെ നേതാവ് തിരുമാവളവൻ എംപി ആവശ്യപ്പെടുന്നത്.
ശാന്തന്റേത് നിയമത്തിന്റെ പിൻബലത്തിൽ നടന്ന കൊലപാതകമെന്ന ആരോപണം ഉയർത്തിയ നാം തമിഴർ കക്ഷി ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കാൻ ഒരുങ്ങുകയാണ്. എന്നാൽ മോചനം വൈകുന്നതിൽ കേന്ദ്രത്തെ പഴിക്കുകയാണ് ഡിഎംകെ തന്ത്രം.