റീസ് തോമസിന്റെ പുസ്തകമോഷണ കഥ ജെ. കെ. റൗളിങ്ങിനും ഇഷ്ടമായി.” പുസ്തകം മോഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് എന്നെ കുറ്റപ്പെടുത്തും എന്നെനിക്കറിയാം എങ്കിലും എനിക്ക് ഈ മോഷണം ഇഷ്ടപ്പെട്ടു.”- മൂവാറ്റുപുഴക്കാരൻ റീസ് തോമസിന്റെ പുസ്തകമോഷണ കഥ പങ്കുവെച്ച് ഹാരി പോട്ടർ കഥകളുടെ എഴുത്തുകാരി ജെ. കെ. റൗളിംഗ് ട്വീറ്റ് ചെയ്തു.
ഹാരി പോട്ടർ പുസ്തകം കടയിൽ നിന്നും മോഷ്ടിച്ചു വായിച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് എഴുത്തുകാരനും സഹ സംവിധായകനുമായ റീസ് തോമസിനെ കുറിച്ച് വാർത്തയായത്. ഇത് വായിച്ച് ജെ. കെ. റൗളിംഗ് പ്രതികരിച്ചതിന് കണ്ണുനിറഞ്ഞു നന്ദി പറയുകയാണ് റീസ് തോമസ്.” നന്ദി ജെ. കെ. റൗളിംഗ്… ഒടുവിൽ നിങ്ങൾ എന്നെ തിരിച്ചറിഞ്ഞു. എൻറെ ആരാധനയും ഇഷ്ടവും മനസ്സിലാക്കി എനിക്ക് ഒരു മറുപടി തന്നു…” റൗളിങ്ങിന്റെ ട്വീറ്റിന് മറുപടിയായി റീസ് കുറിച്ചു.
17 വർഷം മുൻപാണ് റീസ് മൂവാറ്റുപുഴയിലെ ന്യൂ കോളേജ് ബുക്ക് സ്റ്റാളിൽ നിന്ന് പുസ്തകം മോഷ്ടിച്ചത്. വാങ്ങാൻ പണം ഉണ്ടായിരുന്നില്ല. വലുതായപ്പോൾ റീസ് എഴുതിയ ’90 സ് കിഡ്സ്’ എന്ന പുസ്തകത്തിൽ ഒരു ഹാരി പോട്ടർ കഥ എന്ന പേരിൽ മോഷണ കഥയും ഉൾപ്പെടുത്തിയിരുന്നു. പുസ്തകത്തിൻറെ വില നൽകാൻ ഈയിടെ റീസ് എത്തിയെങ്കിലും കടയുടമ വാത്സല്യത്തോടെ തടഞ്ഞു. പകരം വിൽക്കാനുള്ള ’90 സ് കിഡ്സ്’ പുസ്തകങ്ങളിൽ റീസിന്റെ ഒപ്പ് വാങ്ങി.