മുബൈ: റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച പുതിയ നിബന്ധന കാരണം നിരവധി ഉപഭോക്താക്കള്‍ക്ക് ഭവന വായ്പകള്‍ കിട്ടാനുള്ള യോഗ്യത കുറയുമെന്നും ചില വായ്പകളുടെ ഇഎംഐ വര്‍ദ്ധിക്കുമെന്നും ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ഇനി മുതല്‍ വായ്പാ പലിശ നിരക്ക് പുനഃക്രമീകരിക്കുന്ന അവസരത്തില്‍ ഒരു ഫിക്സഡ് പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ നിബന്ധന അനുസരിച്ച് നല്‍കേണ്ടി വരും. ഇതിന് പുറമെ ഭാവിയില്‍ ഫ്ലോട്ടിങ് പലിശ നിരക്കില്‍ നിന്ന് ഫിക്സഡ് പലിശ നിരക്കിലേക്ക് വായ്പകള്‍ മാറ്റേണ്ടി വരുമ്പോള്‍ ഉണ്ടാകാവുന്ന ചാര്‍ജുകള്‍ സംബന്ധിച്ച് വായ്പ അനുവദിക്കുമ്പോള്‍ തന്നെ ബാങ്കുകള്‍ വെളിപ്പെടുത്തുകയും വേണം.
ബാങ്ക് പലിശ നിരക്കുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ മാസാമാസം അടയ്ക്കുന്ന ഇഎംഐ തുകയില്‍ നിന്ന് അതത് മാസത്തെ പലിശ പൂര്‍ണമായി അടഞ്ഞുപോയിരിക്കണം. അതായത് ഒരു മാസത്തെ ഇഎംഐ അടച്ച ശേഷം വായ്പയിലെ ബാക്കിയുള്ള തുകയില്‍ വര്‍ദ്ധനവ് വരാന്‍ പാടില്ല. വായ്പ എടുക്കുന്നവര്‍ക്ക് അത് അടച്ചു തീര്‍ക്കാനുള്ള ശേഷി ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ഇപ്പോഴത്തെ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി ആവരുതെന്നും ഭാവിയില്‍ പലിശ നിരക്ക് വര്‍ദ്ധിച്ചാലും അവര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കണക്കുകൂട്ടലുകള്‍ നടത്തണമെന്നുമാണ് ഇഎംഐ അധിഷ്ഠിത വ്യക്തിഗത വായ്പകളുടെ ഫ്ലോട്ടിങ് പലിശ നിരക്ക് പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക്, രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ളതായി ബാങ്കുകള്‍ നിലവില്‍ കണക്കാക്കുന്ന വായ്പാ തുകയില്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ പലിശ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും, കൂടുതല്‍ പലിശ ഈടാക്കുന്നതിനായി ബാങ്കുകള്‍ പലപ്പോഴും ഇഎംഐ പുനഃക്രമീകരിക്കാതെ തവണകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിബന്ധനകളോടെ നിലവിലുള്ളതിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് കണക്കാക്കി ബാങ്കുകള്‍ക്ക് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷി കണക്കാക്കേണ്ടി വരും. ഇപ്പോള്‍ ഇത് അതാത് സമയങ്ങളില്‍ നിലവിലുള്ള പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഭാവിയില്‍ പലിശ നിരക്ക് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ബാങ്കുകള്‍ വായ്പാ പരിധി കണക്കാക്കുമ്പോള്‍ പല ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ അര്‍ഹതയുള്ള തുകയേക്കാള്‍ കുറഞ്ഞ തുകയേ വായ്പ ലഭിക്കുകയുള്ളൂ. ഇതിന് പുറമെ ഓരോ മാസത്തേയും പലിശ തുക അതാത് മാസത്തെ ഇഎംഐയില്‍ തന്നെ ഈടാക്കണമെന്നും ഇഎംഐ ഈടാക്കിയ ശേഷം ആകെ വായ്പാ തുക തൊട്ടുമുമ്പിലുള്ള മാസത്തെ തുകയേക്കാള്‍ കൂടരുതെന്നും നിബന്ധനയുള്ളതിനാല്‍ ഇഎംഐ തുകയും അതിനനുസരിച്ച് ക്രമീകരിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവും.
രാജ്യത്തെ ഇഎംഐ വായ്പാ ചട്ടങ്ങള്‍ റിസര്‍വ് ബാങ്ക് പുനഃപരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ബാങ്കുകള്‍ അനാവശ്യമായി വായ്പാ കാലാവധി ദീര്‍ഘിപ്പിക്കുന്നതായി ആരോപണമുണ്ട്. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷിയും, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ എത്ര കാലായളവ് കൊണ്ട് അയാള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്നും കണക്കാക്കി ബാങ്കുകള്‍ അനിയോജ്യമായ തിരിച്ചടവ് കാലാവധി തീരുമാനിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഓരോ വ്യക്തികളെയും പ്രത്യേകമായി കണക്കാക്കിയായിരിക്കും ഇത് നിജപ്പെടുത്തുക. അന്യായമായി വായ്പകളുടെ തിരിച്ചടവ് കാലാവധി വലിച്ചു നീട്ടുന്നതിനെതിരെയും റിസര്‍വ് ബാങ്ക് നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇത് ബാങ്കുകളുടെ ഒരു വാണിജ്യപരമായ തീരുമാനമാണെങ്കിലും ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ഉപഭോക്താക്കള്‍ക്കും പുതിയ ലോണുകള്‍ക്കും 2023 ഡിസംബര്‍ 31 മുതലായിരിക്കും ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നത്.