ന്യൂഫൗണ്ട്ലാൻഡ്: മാസങ്ങളായി കടലിൽ നീന്താനിറങ്ങുന്നവരേയും ബീച്ചിൽ നടക്കുന്നവർക്കും ആശങ്ക പടർത്തിയിരുന്ന ഇളം മഞ്ഞ വസ്തുവിലെ നിഗൂഢത മാറുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയിലെ വിവിധ ബീച്ചുകളിലേക്ക് ഒഴുകിയെത്തിയ ഇളം മഞ്ഞ നിറമുള്ള മൈദ മാവിനോട് സമാനതയുള്ള വസ്തുവിലെ അസ്വഭാവികതയ്ക്ക് അവസാനമായതോടെ സഞ്ചാരികൾക്കും ആശ്വാസം.
രസതന്ത്രജ്ഞനായ ക്രിസ് കൊസാക് ആണ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സംഭവത്തിലെ ദുരൂഹത നീക്കിയത്. പ്രൊജക്ട് അൺനോൺ ഗ്ലോബ് എന്ന പേരിലായിരുന്നു പരിശോധന നടന്നത്. തൊടുമ്പോൾ യീസ്റ്റിട്ട് വച്ച മൈദ മാവിന് സമാനമായ നിലയിലായിരുന്നു ഈ വസ്തു കണ്ടെത്തിയത്. ഒരു മാസത്തിലേറെ കാലമായി ഇത്തരം വസ്തുക്കൾ കാനഡയിലെ കിഴക്കൻ മേഖലയിലെ ബീച്ചുകളിലേക്ക് എത്തിയിരുന്നു.
വലിയ ഭക്ഷണ പാത്രത്തിന്റെ വലുപ്പമുള്ള നിഗൂഢ പദാർത്ഥങ്ങൾ പതിവായി എത്തിയതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. റബ്ബറിന് സമാനമായ വസ്തു ശാസ്ത്രജ്ഞരുടെ സംഘം എത്തി ശേഖരിച്ചാണ് ലാബിലെത്തിയത്. ഹാർഡ് വെയർ സ്റ്റോറുകളിലെ മാലിന്യമായ ഇലാസ്റ്റോമർ പോളിമറാണ് വസ്തുവെന്നായിരുന്നു പ്രാഥമിക നിരീക്ഷണം. ഇതിന് പിന്നാലെ ഏതെങ്കിലും സസ്യത്തിൽ നിന്ന് ഉണ്ടാകുന്നതാണോയെന്ന സംശയത്തിനും പരിഹാരം കണ്ടെത്താനായിരുന്നില്ല.
നവംബർ 6ന് നടന്ന സ്പെക്ട്രോമെട്രി പരിശോധനയിലാണ് സംഭവം സിന്തറ്റിക് റബ്ബറാണെന്ന് വ്യക്തമാവുന്നത്. റബ്ബർ പിവിഎ ഘടകങ്ങളാണ് പദാർത്ഥത്തിൽ നിന്ന് ശാസ്ത്ര പരിശോധനയിൽ കണ്ടെത്താനായത്. ഓയിൽ, ഗ്യാസ് വ്യവസായ മേഖലയിൽ ടാങ്കറുകളും പൈപ്പുകളും ശുചീകരിക്കാനായി ഉപയോഗിക്കുന്ന ഇവയ്ക്ക് വെള്ളത്തേക്കാൾ സാന്ദ്രത ഏറിയതിനാൽ കടലിന്റെ അടിയിലേക്ക് താഴ്ന്ന് പോകാനുള്ള സാധ്യത ഏറെയാണ്. എന്നാൽ വലിയ രീതിയിൽ ഇവ ഒന്നിച്ച് തീരത്തേക്ക് എത്തിയത് സമുദ്ര ജലത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തേക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നതാണെന്നാണ് ശാസ്ത്രജ്ഞർ പ്രതികരിക്കുന്നത്.