സിഡ്നി: ആസ്ത്രേലിയയില്‍ 10വയസുകാരിക്ക് അത്യപൂര്‍വ രോഗം. മനുഷ്യരാശിക്ക് സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ള കോംപ്ലക്സ് റീജിയണല്‍ പെയ്ൻ സിൻഡ്രോം ആണ് ബെല്ല ബെയ്സി എന്ന കുട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വലതുകാലില്‍ ആരെങ്കിലും തൊട്ടാല്‍ പോലും അസഹനീയമായ വേദനയാണ് കുട്ടിക്കുണ്ടാവുക എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടുംബത്തിനൊപ്പം നടത്തിയ ഒരു ഉല്ലാസ യാത്രക്ക് ശേഷമാണ് കുട്ടിയില്‍ ശാരീരികാസ്വസ്ഥതകള്‍ പ്രകടമായി തുടങ്ങിയത്. ഇവിടെ വെച്ച് ബെല്ലയുടെ വലതു കാലില്‍ അണുബാധയുണ്ടായിരുന്നു. ഇതില്‍ പിന്നീട് വേദനയുണ്ടായതോടെ ചികിത്സ തേടിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. വേദന കാരണം അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലാണ് കുട്ടി. ചെറിയ ഒരു സ്പര്‍ശം പോലും അസഹനീയമായ വേദനയുണ്ടാക്കും എന്നതിനാല്‍ പാന്റ്സ് ധരിക്കാനോ പുതപ്പിടാനോ ഒന്നും കഴിയില്ല. നിലവില്‍ സദാസമയവും ബെഡ്ഡില്‍ കഴിച്ചു കൂട്ടുകയാണ് ബെല്ല. മുറിയില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ വലിയ വേദന സഹിക്കണം എന്നതിനാല്‍ സ്വന്തം മുറിയല്ലാതെ മറ്റൊരിടവും കുറച്ചു നാളുകളായി ബെല്ല കണ്ടിട്ടില്ല.
ഉള്ളിലെന്തോ കത്തുന്ന വേദനയാണ് അനുഭവപ്പെടാറുള്ളതെന്നും ലോകത്തുള്ള എല്ലാ വേദനകളും ഒന്നിച്ചുണ്ടാകുന്ന പോലെയാണ് തോന്നിയിട്ടുള്ളതെന്നും ബെല്ല പറയുന്നു. ബെഡില്‍ നിന്ന് അനങ്ങാൻ പറ്റില്ല, ഒന്നിരിക്കാനോ ഒന്നും. തണുപ്പായാല് ഒരു പുതപ്പിടാൻ പോലും കഴിയാത്ത അവസ്ഥയാണ്. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ ഞാൻ അലറിക്കരയും. ബെല്ല കൂട്ടിച്ചേര്‍ത്തു.
ചെറിയ മുറിവ് പോലും ഭയങ്കരമായ വേദന നല്കുന്ന അത്യപൂര്‍വ രോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് ബെല്ലയും കുടുംബവും. യുഎസില്‍ മാത്രമാണ് നിലവില്‍ രോഗത്തിന് ചികിത്സയുള്ളത്. ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാല്‍ ഗോഫണ്ട്മീ എന്ന പേരില്‍ ബെല്ലയുടെ ചികിത്സയ്ക്കായി ഒരു ക്യാംപെയ്ൻ തുടങ്ങിയിട്ടുണ്ട് കുടുംബം.