മുംബൈ: ആദിപുരുഷ് എന്ന രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച ഓപ്പണിംഗ് ആയിരിക്കും ചിത്രത്തിന് എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ഒപ്പം തന്നെ സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിനെതിരെ ഹിന്ദു സേന എന്ന സംഘടന കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തിലെ പല വിഎഫ്എക്സ് രംഗങ്ങളും വലിയതോതില്‍ ട്രോളുകള്‍ക്കും വിധേയമാകുന്നുണ്ട്.
ഇപ്പോള്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി പണ്ടത്തെ രാമായണം സീരിയല്‍ എടുത്ത രാമാനന്ദ് സാഗറിന്റെ മകന് പ്രേം ആനന്ദ് രംഗത്ത് എത്തി. ഇദ്ദേഹവും രാമായണം സീരിയല്‍ ഇറങ്ങിയ കാലത്ത് അതില്‍ പ്രവര്‍ത്തിച്ചിരുന്നു. താന്‍ ആദിപുരുഷ് ഇതുവരെ കണ്ടില്ലെങ്കിലും അതിന്റെ ഇതുവരെ ഇറങ്ങിയ ട്രെയിലറും ടീസറുകളും കണ്ടപ്പോള്‍ ഒട്ടും സന്തോഷവാനല്ലെന്നാണ് പ്രേം പറയുന്നത്.ഹനുമാന് അടക്കം ആക്ഷന്‍ സിനിമയിലെ പോലെ ഡയലോഗ് പറയുന്നത് ശരിക്കും ചിരിപ്പിച്ചെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം ഓം റൌട്ട് ഈ ചിത്രത്തിലൂടെ മാര്‍വല്‍ ചിത്രമാണോ എടുക്കാന്‍ നോക്കിയത് എന്നും പ്രേം ഒരു വാര്‍ത്ത പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
രാമാനന്ദ സാഗറിന് രാമായണം എടുക്കുമ്പോള്‍ എല്ലാതരത്തിലും സര്‍ഗാത്മകമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് മുതലെടുത്തില്ല. രാമനെ മനസിലാക്കി. വിവിധ ടെക്സ്റ്റുകള്‍ പഠിച്ച് ചെറിയ മാറ്റങ്ങളാണ് വരുത്തിയത്. എന്നാല്‍ വസ്തുകള്‍ തിരുത്തിയില്ല.
സെയ്ഫ് അലി ഖാന് ചെയ്ത രാവണന്റെ വേഷത്തെയും പ്രേം വിമര്‍ശിച്ചു. രാവണന് വളരെ പഠിച്ച ഏറെ അറിവുള്ള ഒരു വ്യക്തിയാണ് രാമായണത്തില്‍. ഒരിക്കലും ഒരു കൊടും വില്ലനായി അയാളെ കാണാന്‍ കഴിയില്ല. ഏടുകള്‍ പ്രകാരം തന്നെ രാവണന് തന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നത് തന്നെ രാമന്റെ കൈയ്യില്‍ നിന്നും മോക്ഷം ലഭിക്കാനാണ് എന്നാണ് പറയുന്നത്.
രാമന് തന്നെ രാവണനെ ഒരു ജ്ഞാനിയായി കണ്ടുവെന്ന ചില എഴുത്തുകള്‍ ഉണ്ട്. രാവണന് മരിക്കും മുന്‍പ് രാവണന്റെ അടുത്ത് നിന്ന് ചില കാര്യങ്ങള്‍ പഠിക്കാന്‍ ലക്ഷ്മണനെ രാമന് അനുവദിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം ഒരു വ്യക്തിയെ നിങ്ങളുടെ സര്‍ഗാത്മകമായ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് കൊടും വില്ലനാക്കുവാന് സാധിക്കില്ല.
ഇപ്പോഴത്തെ തലമുറയെ മുന്നില്‍ കണ്ടായിരിക്കാം ഈ ചിത്രം എടുത്തത്. എന്നാല്‍ ഇന്നത്തെ രാമായണമാണ് എടുക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് കൊളാബയും, ബ്രീച്ച് കാന്റിയും ( മുംബൈയിലെ സ്ഥലങ്ങള്‍) കാണിച്ചാല്‍ പോരെ, എന്തിനാണ് ലോകമെങ്ങും ഉള്ളവരുടെ വികാരങ്ങളെ വേദനിപ്പിക്കുന്നത് – പ്രേം സാഗര്‍ ചോദിക്കുന്നു.