കൊല്ലം : കൊല്ലത്ത് സർക്കാർ ജോലിക്ക് വേണ്ടി വ്യാജരേഖകൾ തയാറാക്കിയതിന് അറസ്റ്റിലായ ആർ രാഖിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമുള്ള രാഖിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് തീരുമാനം. ചൊവ്വാഴ്ച രാഖിയോട് തുറന്ന കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കസ്റ്റഡി അപേക്ഷ നൽകും. വാളത്തുങ്കലിൽ താമസിക്കുന്ന എഴുകോൺ സ്വദേശിനിയായ രാഖി ഇന്നലെയാണ് വ്യാജരേഖകളുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസിലും പി എസ് സി ജില്ലാ ഓഫീസിലും എത്തിയത്. സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ സ്വയം വ്യാജരേഖ തയാറാക്കിയതെന്നാണ് യുവതിയുടെ മൊഴി. രാഖിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. ഇന്നലെയാണ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ നിന്നും രാഖി അറസ്റ്റിലായത്. റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കുടുംബ സമേതം രാവിലെ പത്തരയോടെയാണ് രാഖി ഇവിടെ എത്തിയത്. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി. രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു. കളക്ടറുടെ ഒപ്പ് ഇല്ലാത്തതിനാൽ സ്വാഭാവികമായുണ്ടായ സംശയമാണ് രാഖിയെ അകത്താക്കിയത്.