2022- 23 സാമ്പത്തിക വർഷത്തിൽ 2.40 ലക്ഷം കോടി രൂപ യുടെ റെക്കോർഡ് വരുമാനവുമായി ഇന്ത്യൻ റെയിൽവേ. 2021-22 സാമ്പത്തിക വർഷത്തിൽ റെയിൽവെ വരുമാനം 49000 കോടി രൂപയായിരുന്നു. 25 ശതമാനമാണ് വളർച്ച. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനം 61 ശതമാനം വർധിച്ച് 63,300 കോടി രൂപയിലെത്തി. ഇതുവരെയുള്ളതിൽ ഉയർന്ന നിരക്കാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ചരക്കുഗതാഗത വരുമാനവും 1.62 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വളർച്ചയുണ്ടായി. മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ റെയിൽവേയ്ക്ക് പെൻഷൻ ചെലവുകൾ പൂർണ്ണമായി നിറവേവറ്റാൻ കഴിയുമെന്നും, വരുമാനത്തിലെ വർധനവും, ചെലവ് ചുരുക്കലിലൂടെ 98.14 ശതമാനം പ്രവർത്തന അനുപാതം കൈവരിക്കാൻ സഹായിച്ചുവെന്നും റെയിൽവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ വരുമാനയിനത്തിൽ 63,300 കോടി രൂപയാണ് നേടിയത്. 2021-22ൽ ഇത് 39,214 കോടി രൂപയായിരുന്നു, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണ്. ഇന്ത്യൻ റെയിൽവേ 2022-23 ൽ മറ്റ് കോച്ചിംഗ് വരുമാനമായി 5951 കോടി രൂപ നേടി.2021-22 ൽ കോച്ചിംഗ് വരുമാനം 4899 കോടി രൂപയായിരുന്നു. 21 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. സൺഡ്രീസിന്റെ വരുമാനം 6067 കോടി രൂപയിൽ നിന്നും 39 ശതമാനം ഉയർന്ന് 8440 കോടി രൂപയായി . 2021-22 ലെ മൊത്ത വരുമാനം 1,91,278 കോടി രൂപയിൽ നിന്നും 2,39,803 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ട്രാഫിക് വരുമാനം 1,91,206 രൂപയിൽ നിന്നും 2,39,750 കോടി രൂപയായി ഉയർന്നു.