ബംഗളുരു: ബി ജെ പി അംഗത്വം രാജിവച്ചിറങ്ങിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിലേക്ക് എത്തുമോ?. ഇന്നലെ രാത്രി ഷെട്ടർ ബി ജെ പി വിട്ടിറങ്ങിയതുമുതൽ കർണാടക രാഷ്ട്രീയത്തിൽ സജീവമായ ഈ ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിച്ചേക്കും. ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ തന്നെയാണ് ചരട് വലിക്കുന്നത്. കോലാറിൽ എത്തിയ രാഹുൽ ഗാന്ധി ഇന്ന് രാത്രി കർണാടകയിൽ തങ്ങും. അതിനാൽ തന്നെ ബംഗളുരുവിൽ രാഹുൽ ഗാന്ധി തങ്ങുന്ന ഹോട്ടലിൽ ഷെട്ടർ എത്തി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ ഇന്നലെ രാത്രിയിലെ പോലെ ഇന്ന് രാത്രിയും ഷെട്ടറിന്റെ വാക്കുകളാകും കർണാടക രാഷ്ട്രീയം കേൾക്കുക.