ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദൈവത്തിനൊപ്പം മോദിയെ ഇരുത്തിയാല്‍ പ്രപഞ്ചം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും അദ്ദേഹം ദൈവത്തോട് വിശദീകരിക്കും.
അതുകേട്ട് ദൈവം പോലും ആശയക്കുഴപ്പത്തിലാകുമെന്ന് രാഹുല്‍ പരിഹസിച്ചു. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസിലെത്തിയ അദ്ദേഹം സാൻഫ്രാൻസിസ്കോയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് മോദിയെ വിമര്‍ശിച്ചത്.
ഒന്നിനെ കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്ന് നടിക്കുകയാണ് മോദി. ചിലര്‍ ദൈവത്തേക്കാളേറെ അറിവുണ്ടെന്ന് ധരിക്കുന്നവരാണ്. ഇവര്‍ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. എന്നാല്‍ ഇവര്‍ക്ക് ഒന്നിനെക്കുറിച്ചും യാതൊരു അറിവുമില്ല. അത്തരത്തിലൊരാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള എല്ലാവേദികളും ബി.ജെ.പി അടക്കുകയാണ്. അതിനാലാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. എന്നാല്‍,ജോഡോ യാത്ര മുടക്കാൻ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഗൂഢ നീക്കമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനയില്‍ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആര്.എസ്.സും ബി.ജെ.പിയും ആക്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ പരസ്പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, രാഹുലിന്റെ പരിഹാസത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണെന്നും ഇന്ത്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.