കൽപ്പറ്റ: വയനാട് ലോകസഭാ മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി സസ്പെൻസ് നിലനിർത്തി. രാഹുൽ ഗാന്ധി മണ്ഡലം ഒഴിയുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും കൽപ്പറ്റയിലെ പൊതുയോഗത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന സൂചനയാണ് നൽകിയത്. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്നു നിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നന്ദി പറയാൻ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി തന്നെയായിരുന്നു അന്നേദിവസം നിയമ സഭയിലും താരം. എന്നാൽ മുഖ്യമന്ത്രിയോ ഭരണകക്ഷിയിലെ മറ്റ് നേതാക്കളോ രാഹുൽ ഗാന്ധി വയനാട്ടിൽ തുടരണമോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. രാജസ്ഥാനിലെ സീക്കർ സീറ്റ് സിപിഎമ്മിന് നൽകാൻ മുൻകൈ എടുക്കുകയും അവിടെ ജയിച്ചത് വഴി ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള സാധ്യത തുറന്നു കൊടുക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോട് കേരളത്തിലെ സിപിഎം കാണിക്കുന്നത് നന്ദികേടാണെന്ന് പ്രതിപക്ഷം. എന്നാൽ സീക്കർ സീറ്റ് കോൺഗ്രസിന്റെ ഔദാര്യമല്ലെന്നു൦ പാർട്ടിയുടെ കർഷക സമര നേതാവിനായി കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.
ലീഗിൻറെ എൻ ഷംസുദ്ദീൻ ‘കുര’ എന്ന വാക്ക് ഭരണപക്ഷത്തെ ലാക്കാക്കി പറഞ്ഞപ്പോൾ അതിൽ മുഖ്യമന്ത്രി സംസ്കാര രാഹിത്യം കണ്ടെത്തി. രാഹുലിന്റെ ‘ഡിഎൻഎ’ പരിശോധിക്കണമെന്ന് പി വി അൻവർ പറഞ്ഞപ്പോൾ കൊടുത്താൽ തിരിച്ചു കിട്ടും എന്നായിരുന്നു അതേ മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയോടുള്ള അതൃപ്തി തന്നെയല്ലേ മുഖ്യമന്ത്രിപരോക്ഷമായി പറഞ്ഞത് എന്ന ഒരു സംശയം കൂടി നിലനിൽക്കുന്നു. രാഹുൽ ഗാന്ധി വയനാട് ഭരിക്കുന്നത് ഭരണപക്ഷത്തിന് ക്ഷീണം ആകുമോ എന്ന് അവർ ഭയക്കുന്നുണ്ടാവണം ആ ഭയമായിരിക്കാം ഒരുപക്ഷേ ഭരണപക്ഷത്തെ രാഹുൽഗാന്ധി വയനാട്ടിൽ തുടരണമെന്ന് പറയാൻ കഴിയാത്ത വിധം പിന്നോട്ട് വലിക്കുന്നത്. ഭരണ പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പെടാപ്പാട് പെടുമ്പോൾ പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനമൊഴിഞ്ഞാൽ അടുത്ത നേതാവ് ആരായിരിക്കും? രാഹുൽ ഗാന്ധിക്ക് പകരക്കാരനാര് കേരളം ഉറ്റുനോക്കുന്നു വയനാട്ടിലേക്ക്.