തിരുവനന്തപുരം: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുൻ വശത്ത് ടയറുകൾ കത്തിച്ച് മുദ്രാവാക്യം മുഴക്കുകയാണ്. പ്രതിഷേധം സംഘർഷത്തിലെത്തിയതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ പൊലീസ് തുരത്തിയോടിച്ചു. കോണ്ഗ്രസ് പ്രവർത്തകർ റെയിൽവേ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. റെയിൽവേ പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. 20 മിനിറ്റോളം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വടക്കഞ്ചേരി പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.