ബ്രിസ്ബന്‍: 65 ഇനം രുചിയൂറും വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റിക്കാർഡും 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡും സ്വന്തമാക്കി ക്വീന്‍സ്ലന്‍ഡിലെ മലയാളികള്‍.
ബ്രിസ്ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചത്. ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവന്റുകള്‍ക്ക് മലയാളത്തിന്റെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.
കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബനില്‍ ആയിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയ്ക്ക് പുറമെ ക്വീന്‍സ്ലൻഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി.
തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 65 തരം സദ്യ വിഭവങ്ങളുമായി ലോക റിക്കാര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്.
ക്വീന്‍സ്ലന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്ട്രേലിയന്‍ ദേശിയ റിക്കാര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന് ആണ്.ജിജി നേരത്തെയും 300 ഓളം കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശിയ റിക്കാര്‍ഡുകള്‍ ലഭിക്കുന്നത്.
ആഗോള തലത്തിലെ 75 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്ററി നിര്‍മാണ-സംവിധാനത്തിലൂടെ വിവിധ ലോക റിക്കാര്‍ഡുകളില്‍ ഇടം നേടിയ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവും അദ്ദേഹത്തിന്റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ മനഃപാഠമാക്കി പാടി റിക്കാര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയും തെരേസ ജോയുമാണ് ലോക റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റേഴ്സായി എത്തിയത്.ഇവരെ കൂടാതെ യുആര്‍എഫ് വേള്‍ഡ് റിക്കാര്‍ഡിന്റെ പ്രത്യേക അതിഥികളായി ഓസ്ട്രേലിയന്‍ ചലച്ചിത്ര താരങ്ങളായ ടാസോ, അലന, ജെന്നിഫര്‍ എന്നിവരും എത്തി. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, സിഇഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ലൈനില്‍ റിക്കാര്‍ഡ് വിലയിരുത്തി.
ക്വീന്‍സ്ലന്‍ഡ് പാര്‍ലമെന്റ് എംപി ലീനസ് പവര്‍, മനോജ് കെ.ജയന്, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബന്‍ സിഇഒ അലി ഖാദിരി, ലോഗന് ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്സ്, പോള്‍ സ്കാര്‍, എംപി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്, യുഎംക്യൂ പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന് എന്നിവര്‍ സാജു കലവറ, ജിജി ജയന് എന്നിവര്‍ക്ക് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്റോയും വിതരണം ചെയ്തു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്ലന്‍ഡിന്റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്സണ് പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്കി.
ക്വീന്‍സ്ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന് ജോബിഷ്, സുധ, സി.പി.സാജു, ശ്രീനി, വര്‍ഗീസ്, വിനോദ്, പ്രസാദ്, ജിതിന്, അനില്‍ സുബ്രമണ്യന്‍, കലാ-സാഹിത്യ- സാംസ്കാരിക-സാമൂഹിക രംഗത്ത് സജീവമായ അനുപ് ദാസ്, വിഘ്നേശ്, ബിന്ദു രാജേന്ദ്രന്, രഞ്ജിനി എന്നിവരും പങ്കെടുത്തു.