തൊടുപുഴ: അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെയും മകളെയും തെരഞ്ഞ് തൊടുപുഴ പൊലീസ്. ക്വട്ടേഷൻ
സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷൻ സംഘം തല്ലിച്ചതച്ചത്.
തൊടുപുഴ ഇഞ്ചിയാനിയിലെ 41 കാരി മിൽഖ, 20കാരി അനീറ്റ എന്നിവരാണ് അയൽവാസിയും ബന്ധുവുമായ ഓമനക്കുട്ടന്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെന്ന 44കാരനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി ബാബുവിന് മുന്നിൽ പരാതി എത്തി. ഓമനക്കുട്ടനുമായി ശത്രുതയുണ്ടായിരുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചു. ആദ്യം തന്നെ ഓമനക്കുട്ടൻ സംശയം പ്രകടപ്പിച്ചത് മിൽഖയെയും അനീറ്റയെയുമായിരുന്നു. പൊലീസ് അന്വേഷണം ശക്തമായെന്ന് അറിഞ്ഞതോടെ ഇവർ ഒളിവിൽ പൊയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ചേരാനല്ലൂരിലെ ഗുണ്ടകളായ സന്ദീപിലേക്കും സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. ചേരാനെല്ലൂർ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും പിടികൂടി. താമസിച്ചിരുന്ന ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്നാണ് പിടികൂടിയത്.
മിൽഖയും അനീറ്റയും 30000 രൂപക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ സമ്മതിച്ചു. 50000 ആവശ്യപ്പെട്ടെങ്കിലും 30000ൽ ഒതുക്കിയെന്നാണ് സന്ദീപിന്റെ മൊഴി. മിൽഖയും ഓമനക്കുട്ടനും തമ്മിൽ വർഷങ്ങളായി പ്രശ്നങ്ങൾ പതിവായിരുന്നു. പലപ്പോഴും പൊലീസ് സ്റ്റേഷനിൽ പരാതിയും എത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിരുന്നു മിൽഖയുടെ ക്വട്ടേഷൻ നൽകൽ. മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. ഒളിവിലുള്ള മിൽഖയ്ക്കും അനീറ്റക്കുമായി തെരച്ചിൽ തുടരുകയാണ്.