മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറിനെ മാറ്റും. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. എഫ്ഐആറിൽ അൻവറിന്റെ മാത്രമാണ് പേരുളളത്. മറ്റുപ്രതികളുടെ പേര് വിവരങ്ങളുണ്ടായിരുന്നില്ല. പിന്നീട് 4 പേർ കൂടി ആശുപത്രിയിൽ വെച്ച് അറസ്റ്റിലാകുകയായിരുന്നു. നാളെ ജാമ്യാപേക്ഷ നൽകുമെന്ന് അൻവർ അറിയിച്ചു.