മോസ്കോ: ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ പങ്കെടുക്കില്ല.റഷ്യൻ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിലും പുടിൻ നേരിട്ടു പങ്കെടുത്തിരുന്നില്ല. വീഡിയോ ലിങ് വഴിയായിരുന്നു പുടിൻ സാന്നിധ്യം അറിയിച്ചത്.
സെപ്റ്റംബര്‍ എട്ടു മുതല്‍ 10 വരെയാണ് ന്യൂഡല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്നത്. പുടിനും മറ്റൊരു റഷ്യൻ ഉന്നത ഉദ്യോഗസ്ഥനുമെതിരെ അടുത്തിടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്നാണ് പുടിൻ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഐ.സി.സി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണ്. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. പ്രസിഡന്റ് പദവിയിലിരിക്കെ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുടിൻ. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് വാറന്റ്. 2022 ഫെബ്രുവരി 24 മുതലാണ് റഷ്യ യുക്രെയ്നില്‍ ആക്രമണം തുടങ്ങിയത്.