കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞു, ഇനി കണ്ണുകളെല്ലാം രണ്ട് ദിവസങ്ങള്‍ക്കപ്പുറം ജനവിധി എണ്ണിത്തിട്ടപ്പെടുത്തുന്ന സെപ്റ്റംബര്‍ എട്ടിലേക്ക്. ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കുക?
1970 മുതല്‍ പുതുപ്പള്ളിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിന്റെ ഉമ്മന്‍ ചാണ്ടിയായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 12 നിയമസഭകളില്‍ അംഗമായി ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡിട്ടു. എന്നാല്‍ അപ്രതീക്ഷിതമായുള്ള അദേഹത്തിന്റെ വിടവാങ്ങല്‍ സൃഷ്ടിച്ച ശൂന്യത പുതുപ്പള്ളി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചു. സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ കളത്തിലിറക്കിയപ്പോള്‍ സിപിഎമ്മിന്റെ യുവ നേതാവായ ജെയ്ക് സി തോമസായിരുന്നു ഇടത് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജിൻ ലാലും അങ്കത്തിനിറങ്ങി. വാശിയേറിയ പ്രചാരണം നടന്ന ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തപ്പെട്ടത് 71. 68 ശതമാനം വോട്ടുകളാണ്. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയും യുവ നേതാവ് ജെയ്ക് സി തോമസും മുഖാമുഖം വന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74. 84 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ പ്രകടനമായ മൂന്ന് ശതമാനം വോട്ടിംഗ് കുറവ് ആരെ തുണയ്ക്കും ആരെ തഴയും എന്നറിയാന്‍ എട്ടാം തിയതി വരെ കാത്തിരിക്കണം.
ഇക്കുറി 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം പുതുപ്പള്ളി മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. ഇരു പാളയങ്ങളിലും വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിക്ക് 63,372 ഉം ജെയ്ക് സി തോമസിന് 54,328 ഉം ബിജെപിയുടെ എന്‍ ഹരിക്ക് 11,694 വോട്ടുകളുമാണ് പുതുപ്പള്ളിയില്‍ ലഭിച്ചത്.