പെർത്ത് : പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ പെർഫോമിംഗ് & വിഷ്വൽ ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ കേരളക്കരയുടെ സ്വന്തം ബേപ്പൂർ സുൽത്താന്റെ കഥകളിലെ അവിസ്മരണീയ കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര നാടകവുമായി കലാസ്വാദകരുടെ മുന്നിലേക്ക് എത്തുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആൾക്കാർ പെർത്തിൽ ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് . ഒരുപാട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവരൊന്നായി അരങ്ങിലെത്തുന്നു,രാമൻ നായരും തോമയും പോക്കറും മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും അന്തുവും ഡ്രൈവറും തൊരപ്പനും സൈനബയും എല്ലാം അരങ്ങു തകർക്കുമ്പോൾ ഏവരെയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു . പ്യൂമ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആനവാരിയും പൊൻകുരിശും എന്ന നാടകത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഷൈജു അന്തിക്കാടാണ്.
2024 ഒക്ടോബർ 12- ന് ചർച്ച്ലാൻഡിലെ ടാറിൻ ഫൈബിഗ് കൺസേർട്ട് ഹാളിൽ വൈകിട്ട് 5 മണി മുതലാണ് നാടകം അരങ്ങേറുന്നത്.30 ഓളം പ്രാദേശിക കലാകാരന്മാർ ഇന്ത്യയിൽ നിന്നുള്ള പ്രശസ്തരായ പ്രൊഫഷണലുകളുടെ വിദഗ്ധ മാർഗനിർദേശത്തിന് കീഴിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന പെർത്തിലെ ഏറ്റവും അവിസ്മരണീയമായ സായാഹ്നത്തിന് സാക്ഷ്യം വയ്ക്കാൻ കലാപ്രേമികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾഅറിയിച്ചു. വിസ്മയിപ്പിക്കുന്ന നാടകാനുഭവങ്ങളിൽ ഒന്നായിരിക്കുമിതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ഇത് ഒരു നാടകം മാത്രമല്ലെന്നും കലാപരമായ മികവിൻ്റെയും സാംസ്കാരിക സമന്വയത്തിൻ്റെയും ആഘോഷമാണെന്നും സംഘാടകർ വ്യക്തമാക്കി.
പ്രാദേശിക അഭിനിവേശം പ്രൊഫഷണൽ വൈദഗ്ധ്യവുമായി പൊരുത്തപ്പെടുമ്പോൾ സംഭവിക്കുന്ന മാന്ത്രികതയ്ക്ക് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകർക്ക് സാധ്യമാവുമെന്ന് ഭാരവാഹികൾ കേരള ന്യൂസിനോട് പറഞ്ഞു .പ്രാദേശിക കലകളെ പിന്തുണയ്ക്കുന്നതിലൂടെയും അതിൽ പങ്കെടുക്കുന്നതിലൂടെയും പ്രാദേശിക കലാകാരന്മാരെ വിജയിപ്പിക്കുകയും പെർത്തിലെ പെർഫോമിംഗ് ആർട്സ് കമ്മ്യൂണിറ്റിയുടെ വളർച്ചയ്ക്ക് സംഭാവന നൽകുകയുമാണ് പ്രേക്ഷകരായ നിങ്ങൾ ചെയ്യുന്നതെന്നും PUMA ഭാരവാഹികൾ വ്യക്തമാക്കി .