വയനാട്: പുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി കുടുംബം. രാജേന്ദ്രൻ നായരുടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ ഒരു ഡയറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികളെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്. കെ കെ എബ്രഹാം, സജീവൻ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുള്ളതായാണ് വിവരം. കത്ത് വീട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പ് രാജേന്ദ്രന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ പുൽപ്പളളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പുൽപ്പള്ളി ബാങ്കിലും കോൺഗ്രസ് നേതാവ് കെ.കെ എബ്രഹാമിന്റെ വീട്ടിലുമടക്കം അഞ്ച് ഇടങ്ങിൽ ഒരേ സമയം റെയ്ഡ് നടത്തി. കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് പരിശോധനക്കെത്തിയത്.പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ നാല് മാസം മുൻപാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന് മുന്നോടിയായി കള്ളപ്പണ നിരോധന നിയമപ്രകാരം ബാങ്ക് സെക്രട്ടറിക്ക് നോട്ടീസും അയച്ചു. വായ്പാ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ ആത്മഹത്യ ചെയ്തതോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസി നടപടികൾ വേഗത്തിലാക്കിയത്. മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ എബ്രഹാം, സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ബാങ്കിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. 2018 ലാണ് സഹകരണ വകുപ്പ് 8 കോടി 30 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കണ്ടെത്തിയത്. വർഷങ്ങൾ വൈകിയെങ്കിലും രാജേന്ദ്രൻ്റെ മരണത്തോടെ അന്വേഷണ ഏജൻസികൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സമരസമിതി അറിയിച്ചു..
കർഷകൻ്റെ ആത്മഹത്യയിലും വായ്പ തട്ടിപ്പിലും പുൽപ്പള്ളി പൊലീസെടുത്ത കേസിൽ കെ.കെ എബ്രഹാമും രമാദേവിയും റിമാൻഡിലാണ്. പ്രതി സജീവൻ കൊല്ലപ്പള്ളിയെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. ജയിലിലായതോടെ കെ.കെ എബ്രഹാം കെ.പി.സി.സി ജനറൽ സെക്രട്ടറി പദവി രാജി വെച്ചിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച വിജിലൻസ് ഉടൻ തുടർ നടപടികൾ സ്വീകരിക്കും.