ജറുസലേം നിയമസംവിധാനം അട്ടിമറിക്കാനുള്ള ബെന്യാമിൻ നെതന്യാഹു സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇസ്രയേല്‍ തെരുവുകളില്‍ ജനരോഷം ശക്തം.
പ്രക്ഷോഭം 28 ആഴ്ച പൂര്‍ത്തിയാക്കിയ ശനിയാഴ്ച രാത്രി ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി. സുപ്രീംകോടതിയുടെ അധികാരം ചുരുക്കുന്ന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്കി.
സുപ്രീംകോടതിക്കുമേല്‍ പാര്‍ലമെന്റിന് അധികാരം നല്കുന്ന ബില്ലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിരവധി അഴിമതിക്കേസുകള്‍ നേരിടുന്ന നെതന്യാഹുവിന് വിചാരണയില്‍നിന്ന് സംരക്ഷണം നല്‍കാനാണ് നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.
ആദ്യവട്ട വോട്ടെടുപ്പില്‍ ബില്‍ പാര്‍ലമെന്റില്‍ പാസായി. മാസാവസാനം നടക്കുന്ന രണ്ടും മൂന്നും വട്ടം വോട്ടെടുപ്പുകളില്ക്കൂടി പാസായാല്‍ നിയമമാകും. ബില്‍ പാര്‍ലമെന്റില്‍ ആദ്യം അവതരിപ്പിച്ചതുമുതല്‍ കടുത്ത എതിര്‍പ്പാണ് വിവിധവിഭാഗം ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയരുന്നത്. എല്ലാ ശനിയാഴ്ചയും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. മറ്റ് ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
വിവിധ തൊഴില്‍ സംഘടനകളും ആരോഗ്യ സംഘടനകളും സൈനികരും ഉള്‍പ്പെടെ ബില്ലിനെതിരെ രംഗത്തെത്തി. പൈലറ്റുകളും ഐടി മേഖലയില്‍നിന്നുള്ളവരും പ്രതിഷേധത്തില്‍ സജീവമായി പങ്കെടുക്കുന്നു. പുനര്‍വിചിന്തനം വേണമെന്ന് പ്രസിഡന്റുതന്നെ ആവശ്യപ്പെട്ടിട്ടും വീണ്ടും ബില്ലുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. അതിനിടെ, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നെതന്യാഹു ഞായറാഴ്ച ആശുപത്രി വിട്ടു.