മെൽബൺ: അതിരു കവിഞ്ഞ സ്വാതന്ത്ര്യവും അവകാശങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്നതിന് എതിരേ ഓസ്ട്രേലിയയിലെങ്ങും പ്രതിഷേധം ഉയരുന്നു. വിക്ടോറിയ സംസ്ഥാനത്ത് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ നടത്തുന്ന പരിപാടികൾക്കെതിരേ വലിയ എതിർപ്പാണ് നേരിടുന്നത്. വലതുപക്ഷ ഗ്രൂപ്പുകളുടെ കടുത്ത എതിർപ്പിനെതുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 11 എൽജിബിടിക്യു പരിപാടികളെങ്കിലും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ലിംഗ സമത്വ ബോധവൽക്കരണത്തിന്റെ പേരിൽ സമൂഹത്തിൽ അരാജകത്വം വളർത്താനുള്ള ആസൂത്രിത ശ്രമം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വലതുപക്ഷ സംഘടനകൾ.
ഏറ്റവും പുതുതായി മെൽബണിലെ ഒരു ലൈബ്രറിയിൽ കുട്ടികൾക്കായി നടത്താനിരുന്ന ഡ്രാഗ് സ്റ്റോറി ടൈം എന്ന പരിപാടിയാണ് റദ്ദാക്കിയത്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളും അവബോധം വളർത്തുന്നതിനായാണ് ഡ്രാഗ് സ്റ്റോറി ടൈം സംഘടിപ്പിക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളാണ് കഥകളും പാട്ടും നൃത്തവും അവതരിപ്പിക്കുന്നത്. അതേസമയം ഒന്നുമറിയാത്ത പ്രായത്തിൽ കുഞ്ഞു മനസുകളിലേക്ക് സ്വവർഗാനുരാഗം ഉൾപ്പെടെയുള്ള ആശയങ്ങൾ കുത്തിവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടും ഭൂരിപക്ഷം ഉയർത്തുന്നുണ്ട്.
ഹോമോഫോബിയ, ബൈഫോബിയ, ട്രാൻസ്ഫോബിയ എന്നിവയ്ക്കെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് മെയ് 18 ന് പരിപാടി നടത്താനിരുന്നത്. പ്രാദേശിക സർക്കാരായ മോനാഷ് കൗൺസിലാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാനിരുന്ന കുടുംബങ്ങൾ, അവതാരകർ, കൗൺസിലർമാർ, ജീവനക്കാർ എന്നിവർക്കെതിരേ ഭീഷണി ഉൾപ്പെടെയുള്ള എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് പരിപാടി റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മോനാഷ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
എൽജിബിടിക്യു സമൂഹത്തിന്റെ പൊതുപരിപാടികൾ പലപ്പോഴും സംഘർഷത്തിനും വഴിവയ്ക്കാറുണ്ട്. കഴിഞ്ഞ മാർച്ചിൽ ന്യൂ സൗത്ത് വെയിൽസിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടിക്കിടെ എൽജിബിടിക്യു സംഘടന സംഘർഷം സൃഷ്ടിച്ചിരുന്നു. സിഡ്നിയിലെ ബെൽഫീൽഡ് സെന്റ് മൈക്കിൾസ് കത്തോലിക്ക പള്ളി പരിസരത്ത് നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.ന്യൂ സൗത്ത് വെയിൽസ് വൺ നേഷൻ നേതാവും എം.പിയുമായ മാർക്ക് ലാഥമിന്റെ പ്രസംഗമാണ് പ്രകോപനത്തിനു കാരണം. മതസ്വാതന്ത്ര്യം, രക്ഷാകർത്താക്കളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച വിഷയങ്ങളിലാണ് മാർക്ക് ലാഥം പ്രസംഗിച്ചത്. എൽജിബിടിഐ ആശയങ്ങൾ സ്കൂളുകളിൽ അടിച്ചേൽപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തതാണ് ട്രാൻസ്ജെൻഡറുകളെ പ്രകോപിപ്പിച്ചത്.ക്രൈസ്തവ വിശ്വാസികളായ അനേകം പേർ പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. ഇവർ പ്രതിഷേധം തടയാൻ ശ്രമിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.
മാർച്ചിൽതന്നെ വിക്ടോറിയ പാർലമെന്റ് ഹൗസിന് സമീപം ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകരും നവ-നാസികളും തമ്മിൽ സംഘർഷമുണ്ടായത് ഏറെ നേരത്തെ ഗതാഗത തടസത്തിനു വരെ കാരണമായിരുന്നു.
ബ്രിട്ടണിലെ ട്രാൻസ്ജെൻഡർ വിരുദ്ധ അവകാശ പ്രവർത്തക കെല്ലി-ജെയ് കീൻ നേതൃത്വം നൽകിയ, ലെറ്റ് വിമൻ സ്പീക്ക് എന്ന പരിപാടിയാണ് സംഘർഷത്തിനു കാരണമായത്. ഇവർ പങ്കുവച്ച ട്രാൻസ്ജെൻഡർ വിരുദ്ധ വീക്ഷണങ്ങളെച്ചൊല്ലിയാണ് ട്രാൻസ്ജെൻഡർ അവകാശ സമരക്കാരും നവ നാസികളും തമ്മിൽ സംഘർഷമുണ്ടായത്.
സിഡ്നിയിൽ ഫെബ്രുവരിയിൽ സ്വവർഗാനുരാഗികളുടെ (എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റി) പരേഡിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസി പങ്കെടുത്തത് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക ക്രമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ന്യൂനപക്ഷത്തിനൊപ്പം പ്രധാനമന്ത്രി അണിചേർന്നത് തെറ്റായെന്ന് ചിലർ അഭിപ്രായപ്പെട്ടു.അതുപോലെ നികുതിദായകരുടെ പണം ഉപയോഗിച്ച് വേൾഡ് പ്രൈഡ് ആഘോഷങ്ങൾ ഉൾപ്പെടെ നടത്തുന്നതിൽ ന്യൂ വെയിൽസ് സംസ്ഥാന സർക്കാരിനെതിരേയും പ്രതിഷേധം ഉയർന്നു. സ്വവർഗാനുരാഗത്തെ ഉൾപ്പെടെ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് രാജ്യത്തുനീളം പ്രചാരം ലഭിക്കുന്നതിനെ ആശങ്കയോടെയാണ് വലിയൊരു വിഭാഗം കാണുന്നത്.