മെൽബൺ: ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പ്രോ ലൈഫിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ജീവന്റെ മഹത്വം നടത്തപ്പെടുന്നു.
ഫോക്നർ സെൻറ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ വൈകുന്നേരം 4.15നും, നോബിൾ പാർക്ക് സെൻറ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ 6.30 നുമുള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ജീവന്റെ മഹത്വം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകമായ വിശുദ്ധ കുർബാനയും, കാഴ്ചവയ്പ്പുകളും, ഗർഭഛിദ്രത്തെയും ദയാവധത്തെയും പരാമർശിക്കുന്ന ബോധവൽകരണം, ജീവന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചർച്ചകൾ, തുടങ്ങിയവ ജീവന്റെ മഹത്വം എന്ന പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഇതോടൊപ്പം തന്നെ, ഇടവകാംഗങ്ങളായ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുകയും അവർക്ക് പ്രത്യേക പ്രശംസാപത്രങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. പ്രോഗ്രാം കോർഡിനേറ്റർമാരായ സോജൻ പണ്ടാരശേരയുടെയും, സിജോ ജോർജ് മൈക്കുഴിയിലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
ജീവന്റെ മഹത്വവും മാഹാത്മ്യവും ഉൾക്കൊള്ളുന്നതിനും, ഈയൊരു പ്രോ ലൈഫ് പ്രത്യേക പരിപാടിയുടെ ഭാഗമാക്കുന്നതിനും, നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുവാനും, അവരോടൊപ്പം സംവദിക്കുന്നതിനുമായി എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നുവെന്ന് സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.