ദില്ലി : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും.30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും. പദ്ധതി പ്രകാരം നിർധനരായ 2 കോടി പേർക്ക് കൂടി വീട് വച്ച് നൽകും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾക്കും മുൻഗണന നൽകാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആകും.
ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചായായി അധികാരമേല്‍ക്കുന്നത്. രണ്ടാം മോദി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പല പ്രമുഖരെയും ഇത്തവണ നിലനിർത്തി. രാജ്നാത് സിങാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ , എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബിജെപി അധ്യക്ഷൻ ജെപി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരുമെന്നതിന്റെ സൂചനയായി. ശിവരാജ് സിങ് ചൗഹാൻ , മനോഹർ ലാല്‍ ഖട്ടാർ എന്നിവർ ക്യാബിനെറ്റിലെത്തി. ടിഡിപിയുടെ രാം മോഹൻ നായിഡു, ജെഡിയുവിന്റെ ലല്ലൻ സിങ് ലോക്ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ , ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമി , എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുളള ക്യാബിനെറ്റ് മന്ത്രിമാർ.
ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിർത്തി.5 പേര് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 പേര് സഹമന്ത്രിമാരുമാണ്. നിർമല സീതാരാമനും ജാർഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിൻ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. അനുരാഗ് ഠാക്കൂർ, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖർ.തർക്കങ്ങളെ തുടർന്ന് എൻസിപി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല.ക്യാബിനറ്റ് മന്ത്രി പദത്തിൽ എൻസിപിയുടെ ആവശ്യം ഉടൻ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. മുന്നണിയാകുമ്പോൾ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്നും ഫഡ്നവിസ് വ്യക്തമാക്കി.