ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. പഞ്ചാബ് സർവകലാശാലയിലെ അധ്യാപകനായാണ് തുടക്കം. പിന്നീട് ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്ന അദ്ദേഹം അധ്യാപനത്തിലേക്ക് തിരിച്ചെത്തി. 1966 ൽ യുഎന്നിൻ്റെ ഭാഗമായി. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായി.
ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.
ചന്ദ്രശേഖർ സർക്കാരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവർത്തിച്ചത്. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവു ക്ഷണിച്ചു. അങ്ങനെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2004ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഡിഎംകെ, ആർജെഡി, എൻസിപി, തുടങ്ങി മറ്റു ചെറു പാർട്ടികളെയും തുന്നിച്ചേർത്ത് കോൺഗ്രസ് യുപിഎ മുന്നണി രൂപീകരിച്ചു. 60 എംപിമാരുമായി ഇടതു പാർട്ടികൾ പുറമേ നിന്ന് പിന്തുണച്ചു. തനിക്ക് ലഭ്യമായ പ്രധാനമന്ത്രി സ്ഥാനം നിരസിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൻമോഹൻ സിങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചതോടെയാണ് അദ്ദേഹം ഈ പവിയിലെത്തിയത്. ആദ്യമായി ഒരു സിഖ് മതസ്ഥനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെ സിഖ് വിരോധം തണുപ്പിക്കാനും സോണിയ ഗാന്ധിക്ക് കഴിഞ്ഞു. തുടർഭരണം നേടി 2014 വരെ അധികാരത്തിൽ തുടർന്നു. ശേഷം രാജ്യസഭാംഗമായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു. മൂന്ന് പെൺ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകൾ ഉപീന്ദർ സിങ് ദില്ലി സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകൾ ദമൻ സിങ് എഴുത്തുകാരിയാണ്. ഇളയ മകൾ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയാണ്.