കട്ടപ്പന: പ്രീപ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തിൽ നടുങ്ങി നാട്. സ്കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂർത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ പിന്നീട് കാണാതാകുകയായിരുന്നു. വാർഷികാഘോഷത്തിനും അനുമോൾ എത്തിയില്ല. ഭർത്താവ് വിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവിൽ അനുമോളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് പരാതിയും നൽകി.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ തക്കം കാരണം അനുമോൾക്ക് ഉള്ളതായി ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ വിജേഷിന്റെ ആരോപണത്തിൽ തുടക്കം മുതൽ സംശയമുണ്ടായിരുന്നു. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെവിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ഇവർ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് അനുവദിച്ചില്ല. തന്ത്രപൂർവം ഇവർ കിടപ്പുമുറിയിൽ കയറുന്നത് തടഞ്ഞു. പിന്നീട് മകളുമായി വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.
തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും ഉടൻ കട്ടാകുകയും ചെയ്തു. സംശയം തോന്നിയ വീട്ടുകാർ വൈകിട്ട് ആറോടെ വിജേഷും അനുമോളും താമസിച്ച പേഴുംകണ്ടത്തെ വീട്ടിൽ എത്തി. തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധമായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് അനുമോളെ പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിച്ചു.
വിജേഷും അനുമോളും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണോ കൊലപാതകത്തില് കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നാളെ രാവിലെ ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക.