മോസ്കോ: വാഗ്നര്‍ ഗ്രൂപ്പ് കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ജെനി പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യ.
പ്രിഗോഷിന്റെ മൃതദേഹം ജനിതക പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇന്നലെ അറിയിച്ചു. ബുധനാഴ്ചയാണ് മോസ്കോയ്ക്ക് സമീപം പ്രിഗോഷിൻ ഉള്‍പ്പെടെ പത്ത് പേര് സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റഷ്യ വ്യക്തമാക്കിയെങ്കിലും പ്രിഗോഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത് അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. യാത്രികരുടെ ലിസ്റ്റില്‍ പ്രിഗോഷിന്റെ പേരുണ്ടായിരുന്നെങ്കിലും അദ്ദേഹം വിമാനത്തില്‍ കയറിയിരുന്നോ എന്നതില്‍ അവ്യക്തത നിലനിന്നിരുന്നു.
പ്രിഗോഷിന് പുറമേ, വാഗ്നര്‍ ഗ്രൂപ്പ് സഹസ്ഥാപകനായ ഡിമിട്രി ഉട്ട്കിനടക്കമുള്ളവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പൈലറ്റ് അലക്സി ലെവ്ഷിൻ, കോ – പൈലറ്റ് റുസ്തം കരിമോവ്, ഫ്ലൈറ്റ് അറ്റൻഡന്റ് ക്രിസ്റ്റീന റാസ്പോപ്പോവ, വാഗ്നര്‍ ഗ്രൂപ്പിലെ ഉന്നത അംഗങ്ങളായ വലേറി ചെകലോവ്, സെര്‍ജീ പ്രോപസ്റ്റിൻ, യെവ്ജെനി മകാര്യൻ, അലക്സാണ്ടര്‍ ടോട്ട്മിൻ, നികൊലയ് മറ്റുസെയേവ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വിമാനാപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വ്യക്തമാക്കി. മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള യാത്രയ്ക്കിടെ എംബ്രയര്‍ ലെഗസി വിമാനം ട്വെര്‍ മേഖലയിലെ കഷെൻകീനോ ഗ്രാമത്തിന് മുകളില്‍വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്‍ ബോംബ് സ്ഫോടനമുണ്ടായതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് യു.എസിന്റെ നിഗമനം. പ്രിഗോഷിനെ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അറിവോടെ വധിച്ചതാകാമെന്ന വാദം പാശ്ചാത്യ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ആണെന്ന് റഷ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുക്രെയിനില്‍ റഷ്യയ്ക്കായി ശക്തമായ പോരാട്ടം നടത്തിയവരാണ് വാഗ്നര്‍ ഗ്രൂപ്പ്. ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് കാട്ടി ജൂണില്‍ പ്രിഗോഷിന്റെ നേതൃത്വത്തില്‍ വാഗ്നര്‍ അംഗങ്ങള്‍ റഷ്യയില്‍ കലാപ നീക്കം നടത്തിയിരുന്നു. ഇതോടെ പ്രിഗോഷിനും പുട്ടിനും തമ്മില്‍ നിലനിന്നിരുന്ന സൗഹൃദം ശത്രുതയ്ക്ക് വഴിമാറുകയായിരുന്നു.