മോസ്കോ : റഷ്യൻ ഭരണകൂടത്തിനെതിരെ കലാപക്കൊടി നാട്ടിയ വാഗ്നര്‍ ഗ്രൂപ്പ് തലവൻ യെവ്ജെനി പ്രിഗോഷിന്റെ പിന്മാറ്റത്തിന് പിന്നില്‍ റഷ്യൻ ഇന്റലിജൻസ് സര്‍വീസിന്റെ ഭീഷണിയെന്ന് അഭ്യൂഹം.
പിന്മാറിയില്ലെങ്കില് അത് പ്രിഗോഷിന്റെയും വാഗ്നര്‍ ഗ്രൂപ്പിലെ മറ്റ് ഉന്നത അംഗങ്ങളുടെയും കുടുംബങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബ്രീട്ടീഷ് ഇന്റലിജൻസ് ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. മോസ്കോ നഗരത്തെ നിയന്ത്രണത്തിലാക്കാൻ നടത്തിയ മാര്‍ച്ച് പാതിവഴിയില്‍ വച്ച് അവസാനിപ്പിക്കാൻ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത് ഇതുകൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
25,000ത്തോളം വരുന്ന വാഗ്നര്‍ അംഗങ്ങളാണ് തനിക്കൊപ്പമുള്ളതെന്നായിരുന്നു പ്രിഗോഷിന്റെ അവകാശവാദമെങ്കിലും ഇത് വെറും 8,000 മാത്രമായിരുന്നെന്നും മോസ്കോയിലേക്ക് നീങ്ങിയാല്‍ പരാജയം ഉറപ്പായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച രാവിലെ മുതലാണ് വാഗ്നര്‍ പടയാളികള്‍ യുക്രെയിനിലെ പോരാട്ടം അവസാനിപ്പിച്ച് റഷ്യയിലേക്ക് മടങ്ങിയെത്തി കലാപനീക്കം തുടങ്ങിയത്.
റോസ്തോവ് ഓണ്‍ ഡോണ്‍, വൊറൊനെജ് നഗരങ്ങള്‍ പിടിച്ചെടുത്ത് മോസ്കോയെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും റഷ്യൻ മണ്ണില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാൻ പിന്മാറുകയാണെന്ന് രാത്രി പ്രിഗോഷിൻ പ്രഖ്യാപിച്ചു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെൻകോ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെയായിരുന്നു പ്രിഗോഷിന്റെ മനംമാറ്റം. പ്രിഗോഷിനും വാഗ്നര്‍ അംഗങ്ങള്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കില്ലെന്ന റഷ്യയുടെ ഉറപ്പിൻമേലായിരുന്നു ഒത്തുതീര്‍പ്പ്. പ്രിഗോഷിൻ റഷ്യ വിട്ട് ബെലറൂസിലേക്ക് പോകണമെന്നും ധാരണയായി.
വാഗ്നര്‍ അംഗങ്ങളെ റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാലും പ്രിഗോഷിനെതിരെ ഇപ്പോഴും അന്വേഷണം തുടരുന്നുണ്ടെന്നാണ് വിവരം. മാസങ്ങളായി റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി ഭിന്നതയില്‍ തുടര്‍ന്ന പ്രിഗോഷിൻ, സൈനികമേധാവികളെ പുറത്താക്കുമെന്നും റഷ്യക്ക് പുതിയ പ്രസിഡന്റുണ്ടാകുമെന്നും വെല്ലുവിളിച്ചിരുന്നു.ശനിയാഴ്ച രാത്രി റോസ്തോവ് നഗരംവിട്ട പ്രിഗോഷിൻ ബെലറൂസില്‍ എത്തിയോ എന്ന് വ്യക്തമല്ല. അതേ സമയം, ജൂലായ് 1ന് വാഗ്നര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അവസാനിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കാട്ടിയുള്ള പ്രിഗോഷിന്റെ ടെലിഗ്രാം സന്ദേശം ഇന്നലെ പുറത്തുവന്നു. മോസ്കോയിലേക്ക് മാര്‍ച്ച് നടത്തിയത് റഷ്യൻ ഭരണകൂടത്തെ പുറത്താക്കാനല്ലെന്നും പകരം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നെന്നും പ്രിഗോഷിൻ സന്ദേശത്തില്‍ പറയുന്നു.