മോസ്കോ: കലാപശ്രമത്തിനിടെ റഷ്യക്കാര്‍ പരസ്പരം കൊല്ലുന്നത് കാണാൻ പാശ്ചാത്യ ശക്തികള്‍ ആഗ്രഹിച്ചിരുന്നെന്ന് പ്രസിഡൻ്റ് വ്ലാഡിമര്‍ പുട്ടിൻ.വാഗ്നര്‍ കൂലിപ്പട്ടാളം കലാപം നടത്തി പിന്മാറിയതിനുശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുട്ടിൻ.സംഭവങ്ങളുടെ തുടക്കത്തില്‍ വലിയ തോതിലുള്ള രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്ന് ഞാൻ ഉത്തരവിറക്കി. റഷ്യക്കാരുടെ ദേശസ്നേഹത്തിനു നന്ദി പറയുന്നു. റഷ്യൻ സഹോദരങ്ങള്‍ പരസ്പരം കൊല്ലുകയാണു ശത്രുക്കളുടെ ആവശ്യം.
കലാപം ഒഴിവാക്കുന്നതില്‍ സുരക്ഷാസേനയും ജനങ്ങളും ചെയ്ത സേവനത്തിനു പുട്ടിൻ നന്ദി പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരെ നടപടിയില്ലെന്നു വ്യക്തമാക്കിയ പുട്ടിൻ, അവര്‍ക്ക് റഷ്യൻ സേനയില്‍ ചേരുകയോ ബെലറൂസിലേക്കു പോവുകയോ വീട്ടിലേക്കു മടങ്ങുകയോ ചെയ്യാമെന്നും അറിയിച്ചു. പുട്ടിന്റെ ഉറ്റമിത്രമായിട്ടും വാഗ്നര്‍ ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ സ്വന്തം രാജ്യത്തിനെതിരെ പട നയിച്ചതിന്റെ കാരണം വ്യക്തമല്ല.
അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്നര്‍ കൂലിപ്പട്ടാളത്തിന്റെ പിന്മാറ്റം കഴിഞ്ഞദിവസം പൂര്‍ണമായിരുന്നു. തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്. റഷ്യൻ സേനയ്ക്കൊപ്പം യുക്രെയ്നിലെ യുദ്ധം തുടരാൻ വാഗ്നര്‍ പോരാളികളോടു പ്രിഗോഷിൻ നിര്‍ദ്ദേശിച്ചിരുന്നു.വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിനുമായി ബന്ധമുള്ള ഒരു ജെറ്റ് വിമാനം ബെലൂറൂസിലേക്കു പറന്നതായി റിപ്പോര്‍ട്ട്. അതേസമയം, പ്രിഗോഷിന്റെ മാദ്ധ്യമ സംഘം ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെൻകോയും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ പ്രിഗോഷിനെ കുറിച്ച് സൂചിപ്പിച്ചില്ല. ഫ്ലൈറ്റ്റഡാര് 24 നല്കുന്ന വിവരം അനുസരിച്ച് എംബ്രാറെര്‍ ലെഗസി 600 എന്ന ബിസിനസ് ജെറ്റ് 02.32 ജിഎംടിയില്‍ റോസ്തോവ് മേഖലയില്‍ പ്രത്യക്ഷപ്പെട്ടെന്നും മിൻസ്കിനു സമീപം 04.20 ജിഎംടിയില്‍ താഴ്ന്നുപറക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. പ്രിഗോഷിനുമായി ബന്ധമുള്ള ഓട്ടോലക്സ് ട്രാസ്പോര്ട്ടിനു കീഴില്‍ വരുന്നതാണ് ജെറ്റ് വിമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സൈനിക നേതൃത്വത്തെ അട്ടിമറിക്കാൻ സായുധ കലാപം നടത്തിയെന്നാരോപിച്ച് വാഗ്നര്‍ കൂലിപ്പടയാളി ഗ്രൂപ്പിലെ പോരാളികള്‍ക്കെതിരായ കേസ് പിൻവലിച്ചതായി റഷ്യയുടെ എഫ്.എസ്.ബി അറിയിച്ചു. കലാപത്തില്‍ പങ്കെടുത്തവര്‍ കുറ്റകൃത്യം ചെയ്യുന്നതിനു മുൻപ് അത് അവസാനിപ്പിച്ചതിനാല്‍ കേസ് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു. സാധാരണ കലാപക്കേസ് റഷ്യൻ കോടതിയില്‍ എത്തിയാല്‍ പരമാവധി 20 വര്‍ഷമാണ് തടവ് ശിക്ഷ വിധിക്കുക. എന്നാല്‍ പ്രിഗോഷിൻ്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇവിടെ മലക്കംമറിയുന്ന കാഴ്ചയാണ് കണ്ടത്.