മോസ്കോ: റഷ്യൻ സേനയുടെ നേതൃത്വത്തെ തകര്‍ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ്.
വാഗ്നര്‍ തലൻ യെവ്ഗനി പ്രിഗോഷിനാണ് ഇക്കാര്യം അറിയിച്ചത്. പ്രിഗോഷിൻ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യൻ ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് പ്രിഗോഷിൻറെ ഭീഷണി. യുക്രെയിനില്‍ റഷ്യയ്ക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വാഗ്നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റസ്തോഫ്നദൻ നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോഷിൻ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാൻ ഗവര്‍ണര്‍ നിര്‍ദേശം നല്കി.
തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് പ്രിഗോഷിൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത റഷ്യൻ സൈനിക ഹെലികോപ്റ്റര്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പ്രിഗോഷിൻ അവകാശപ്പെട്ടു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താൻ വാഗ്നര്‍ ഗ്രൂപ്പ് തലവൻ തയ്യാറായില്ല.
റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി പ്രിഗോഷിൻ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്കെതിരേയും സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രിഗോഷിൻ ആരോപിച്ചു. എന്നാല്‍, പ്രഗോഷിനിന്റെ ആരോപണം നിഷേധിച്ച റഷ്യൻ അധികൃതര്‍, പ്രിഗോഷിൻ തന്റെ നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു.
‘റഷ്യൻ സൈന്യത്തിലെ തിന്മകള് അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യൻ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാൻ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്’, ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോഷിൻ അറിയിച്ചു.
അതേസമയം, പ്രിഗോഷിന്റെ നീക്കങ്ങള്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിൻ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. മോസ്കോ നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈപ്സ്റ്റക് മേഖലയിലെ ജനങ്ങള്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കരുതെന്ന് അവിടുത്തെ ഗവര്‍ണര്‍ നിര്‍ദേശം നല്കി. റസ്തോഫ്നദൻ നഗരത്തില്‍നിന്ന് 500 കിലോമീറ്റര്‍ വടക്കുമാറിയുള്ള നഗരമാണ് ലൈപ്സ്റ്റക്.
വാഗ്നര്‍ ഗ്രൂപ്പിനോട് റഷ്യയ്ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രെയ്നില്‍ റഷ്യൻ സൈന്യത്തിന് നേതൃത്വം നല്കുന്ന ഉപതലവൻ ജെൻ സെര്‍ജി സുരോവികിൻ ആവശ്യപ്പെട്ടു. ‘നമ്മള് ഒരു രക്തമാണ്, പോരാളികളാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എതിരാളികള്‍ക്ക് അവസരമൊരുക്കരുത്’, അദ്ദേഹം വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രിഗോഷിന്റേത് പ്രസിഡന്റിനേയും രാജ്യത്തേയും പിന്നില്‍നിന്ന് കുത്തുന്ന നടപടിയെന്ന് മറ്റൊരു മുതിര്‍ന്ന കമാൻഡര്‍ ലെഫ്റ്റനന്റ് ജനറല്‍ വ്ളാഡിമിര്‍ അലെക്സ്യേവ് പറഞ്ഞു.
സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രാലയവും യു.എസും അറിയിച്ചു. സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.