വെല്ലിംഗ്ടണ്‍: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡില്‍. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശനം.
ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷണും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചതായി ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി എക്സില്‍ കുറിച്ചു.
” ന്യൂസിലൻഡിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മളമായ സ്വീകരണം നല്കി. മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷനും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിച്ചു. രാഷ്ട്രപതിക്ക് ന്യൂസിലൻഡിലേക്ക് സ്വാഗതം.”- ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി കുറിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർവിനോടുള്ള ആദരവ് ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും എക്സില്‍ പങ്കുവച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ന്യൂസിലൻഡിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷം. ഇന്ത്യ- ന്യൂസിലൻഡ് ബന്ധത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളുടെയും സംസ്കാരവും ഐക്യവും നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ദ്രൗപദി മുർമുവിന്റെ ന്യൂസിലൻഡ് സന്ദർശനത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ഗവർണർ ജനറല്‍ ഡാമെ സിണ്ടി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതി ന്യൂസിലൻഡ് സന്ദർശിക്കുന്നത്. ന്യൂസിലൻഡ് ഗവർണറുമായും പ്രസിഡന്റ് ക്രിസ്റ്റഫർ ലക്സണുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ശേഷം ന്യൂസിലൻഡില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോണ്‍ഫറൻസില്‍ രാഷ്ട്രപതി പങ്കെടുക്കുകയും ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. നേരത്തെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയ രാഷ്ട്രപതിക്ക് പരമോന്നത സിവിലിയൻ ബഹുമതിയും ലഭിച്ചിരുന്നു.