മെൽബൺ : ഓസ്ട്രേലിയയിലെ ആർമിഡേൽ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. പീറ്റർ മർഫിയെ നിമയമിച്ച് ഫ്രാൻസിസ് മാർപാപ്പ. വാഗ വാഗയിലെ സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ ഇടവക അഡ്മിനിസ്ട്രേറ്ററും വാഗ വാഗ രൂപതയുടെ വികാരി ജനറലുമായിരുന്നു ഫാ. പീറ്റർ മർഫി.
ആർമിഡേൽ ബിഷപ്പായി ഫാ. പീറ്ററിനെ നിയമിച്ചതിനെ ഞങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് ഓസ്ട്രേലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ എസ്ഡിബി പറഞ്ഞു. ഫാ. പീറ്ററിൻ്റെ തൊഴിൽ ശുശ്രൂഷയിലെ പങ്കാളിത്തം, യുവജനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുന്നതിലുള്ള അനുഭവ പരിചയം എന്നിവ രൂപതയ്ക്കും സഭയ്ക്കും വളരെ വിലപ്പെട്ടതാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മെൽബണിൽ ഫീൽഡ് അഗ്രോണമിസ്റ്റായി ഫാ. മർഫി ജോലി ചെയ്തിട്ടുണ്ട്. തത്ത്വചിന്തയിൽ ബിരുദവും റോമിലെ അർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം 1992 ജൂലൈ 11-ന് വാഗ വാഗയിലെ സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ പുരോഹിതനായി അഭിഷിക്തനായി. സൗത്ത് വാഗയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയിലേക്കായിരുന്നു ആദ്യ അജപാലന നിയമനം.
റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറൽ പഠനം പൂർത്തിയാക്കിയ അദേഹം രണ്ട് വർഷത്തോളം കോൺഗ്രിഗേഷൻ ഓഫ് മിഷൻസിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്.